കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; ചവറ ജയകുമാർ
തിരുവനന്തപുരം: കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ വേണ്ട സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസുകളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
അഴിമതി രഹിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ചവറ ജയകുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ കരുവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു അന്യോഷണവും കൂടാതെ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നവർ ജീവനക്കാരെ ആക്രമിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചുറ്റുമതിലോ സുരക്ഷിതത്വമോ ഇല്ലാതെ പ്രവർത്തിക്കുന്ന കടകംപള്ളി വില്ലേജ് ഓഫീസ് കെട്ടിടം വിജനതയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കയ്യേറിയിരിക്കുയാണ്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജോലി സുരക്ഷിതത്വം നൽകേണ്ടതാണ്. സുരക്ഷിതത്വം നൽകേണ്ടവർ അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. അക്രമത്തിനിരയായ ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള വിചിത്രമായ ഉത്തരവാണ് വകുപ്പ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ജീവനക്കാരെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുന്നതിലൂടെ കേരളത്തിൽ നവീൻ ബാബുമാരുടെ അവസ്ഥാവിശേഷമാണ് നടമാടുന്നത്. ആനുകൂല്യ നിഷേധങ്ങളും, അന്യായമായ സ്ഥലം മാറ്റങ്ങളും, അർഹമായ പ്രൊമോഷനുകൾ അട്ടിമറിക്കുന്നതിലൂടെയും, പൊതു സമൂഹത്തിന് മുമ്പിൽ മന്ത്രിമാരുടെ ഉൾപ്പെടെയുള്ളവരുടെ അധിക്ഷേപങ്ങളിലും, തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളിലൂടെയും ജീവനക്കാർ ആത്മഹത്യയുടെ വക്കിലാണ്.
സർക്കാർ ഇനിയും ജാഗ്രത പാലിക്കണം. കടകംപള്ളി വില്ലേജ് ഓഫീസിൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കണ്ടെത്തി കടുത്ത നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു.
പ്രസിഡന്റ് വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ്ജ് ആന്റണി,
ആർ.എസ് പ്രശാന്ത് കുമാർ, അരുൺ ജി ദാസ്,ഷമ്മി എസ് രാജ്, എസ്.വി.ബിജു, നീതിഷ് കാന്ത്, ഷൈൻ കുമാർ ബി.എൻ ,ഷിബി എൻ.ആർ, ലിജു എബ്രഹാം, അനൂജ് രാമചന്ദ്രൻ, സമീർ, സുരേഷ് കുമാർ, റിനി രാജ്, അനസ്. വി.ജെ തുടങ്ങിയവർ സംസാരിച്ചു.