Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാഠം ഒന്ന്- നിത്യദാരിദ്ര്യ കേരളം

10:23 AM Nov 15, 2023 IST | Veekshanam
Advertisement

ഗോപിനാഥ് മഠത്തിൽ

Advertisement

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇ.ഡിയുടെ പ്രസക്തി എത്രമാത്രമുണ്ടെന്ന് മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് ബി.ജെ.പിയാണ്. അഴിമതിക്കാരൻറേയും രാഷ്ട്രീയ പ്രതിയോഗികളുടേയും കതകിൽ സ്ഥാനത്തും അസ്ഥാനത്തും മുട്ടി ഇ.ഡി അകത്തുകയറി നടത്തുന്ന പരിശോധനകൾ ചിലത് ശ്ലാഘിക്കപ്പെടേണ്ടും മറ്റു ചിലത് പകപോക്കലായും വേണം കരുതേണ്ടത്. പക്ഷേ തിരുവനന്തപുരത്ത് കണ്ട ല സഹകരണബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ അന്വേഷണം അതിൻറെ ശരിയായ വഴിയിലാണെന്നു വേണം അനുമാനിക്കാൻ. അതിലെ ശരി മനസ്സിലാക്കിയ സി.പി.ഐക്കാർ അഴിമതിക്ക് കാരണക്കാരായ ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. പരാതിയും പരിശോധനയും നേരത്തെ ഇ.ഡി നടത്തിയിട്ടും അക്കാര്യത്തിൽ പാർട്ടി നടപടി വൈകിയതാണ് സി.പി.ഐയെ നാണം കെടുത്തുന്നതിന് കാരണമായതെന്ന് പല നേതാക്കൾക്കും പരാതിയുണ്ട്. എന്നാൽ ഈ പരാതിക്ക് വിഭിന്നമായ രീതിയിലാണ് കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസിലെ 15-ാം പ്രതിയായി ജയിലിൽ കഴിയുന്ന പി.ആർ. അരവിന്ദാക്ഷനോടുള്ള സി.പി.എം സമീപനം. ആ പാർട്ടി അരവിന്ദാക്ഷനെ പരസ്യമായി സഹായം ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത് ഓരോ പാർട്ടിയുടേയും വ്യക്തിഗത സ്വതന്ത്രതീരുമാനമാകാം. അതിന് അവർക്ക് അവരുടെ വീക്ഷണത്തിൽ കുറേ ശരികൾ പറയാനുമുണ്ടാകും. അങ്ങനെ ഇ.ഡിയെക്കൊണ്ട് അഴിമതിക്കാരും ബി.ജെ.പി ഇതര രാഷ്ട്രീയക്കാരും പൊറുതിമുട്ടിക്കഴിയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾക്ക് ഇതുവരെ നൽകിയ ഒരു 'ഇ.ഡി' ആശ്വാസം സർക്കാർ പൊടുന്നനെ പിൻവലിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. അത് സപ്ലൈകോയില നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണമായിരിക്കുന്നു. സർക്കാർ അവയ്ക്ക് നൽകിയ 'സബ്സിഡി' പിൻവലിച്ചതാണ് കാരണം. അതിലൂടെ സപ്ലൈക്കോ സ്ഥാപനങ്ങൾക്കും കരിഞ്ചന്തയ്ക്കും വലിയ അന്തരമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
അതിന് ഭക്ഷ്യവകുപ്പുമന്ത്രിയും സി.പി.ഐക്കാരനുമായ ജി.ആർ അനിലിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹവും വകുപ്പും നിത്യദാരിദ്ര്യം പിടിച്ച ഒരു സർക്കാരിൻറെ ഭാഗമായതാണ് കാരണം. മറ്റൊരു സി.പി.ഐ മന്ത്രിയായ പി. പ്രസാദും അതുപോലെതന്നെയാണ്. നെൽക്കർഷകരിൽനിന്ന് വാങ്ങിയ കോടികൾ വരുന്ന നെല്ലിൻറെ വില ഇനിയും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതും ഈ ദാരിദ്ര്യ സർക്കാരിൻറെ പ്രവർത്തന വൈകല്യം കൊണ്ടു സംഭവിച്ച കാര്യമാണ്. ആത്മഹത്യ ചെയ്യാൻ പോകുന്ന കമിതാക്കൾ ജീവിതത്തിൻറെ അവസാന നിമിഷമെങ്കിലും ആസ്വാദ്യകരമായിരിക്കാൻ വേണ്ടി തിയേറ്ററിൽ പോയി സിനിമ കാണുകയും മുന്തിയ ഹോട്ടലിൽപോയി വിലകൂടിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയുണ്ട്. എന്നിട്ടാണ് വാടകമുറിയിൽ കയറി കൃത്യം ചെയ്യുന്നത്. അതുപോലെയാണ് കേരളീയത്തിൻറെ അത്യാഡംബര നിമിഷങ്ങൾ ആവോളം ആസ്വദിച്ചതിനുശേഷം ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നത്, പോക്കറ്റ് കാലിയാണ് കേട്ടോ, ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന്. മുൻ പറഞ്ഞ സി.പി.ഐ മന്ത്രിമാരായ ജി.ആർ അനിലും പി. പ്രസാദും മാതൃകയാക്കേണ്ട ഒരു ഭക്ഷ്യവകുപ്പുമന്ത്രിയും അതുപോലൊരു കൃഷിമന്ത്രിയും നായനാർ ഭരണകാലത്തുണ്ടായിരുന്നു. ഇ. ചന്ദ്രശേഖരൻ നായരും വി.വി. രാഘവനും. കരിഞ്ചന്തയിലെ കള്ളത്തരങ്ങൾക്ക് അറുതി വരുത്തി ജനങ്ങളുടെ ഹൃദയം കവർന്ന് മാവേലിസ്റ്റോറുകൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. ഗ്രൂപ്പ് ഫാമിംഗ് ഉൾപ്പെടെയുള്ള നവീനകൃഷി സമ്പ്രദായങ്ങൾക്ക് ആരംഭം കുറിക്കാൻ വി.വി. രാഘവനും കഴിഞ്ഞു. ജനവിശ്വാസത്തിൻറെ, പ്രവർത്തനത്തിൻറെ ആ നല്ല ശീലങ്ങൾ പിന്നീടു വന്ന ഒരു സിപി.ഐ. മന്ത്രിമാരിലും കണ്ടില്ല. വിശേഷിച്ചും പിണറായിറായി മന്ത്രിസഭകളിൽ. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അവരുടെ നേതാവ് കാനം രാജേന്ദ്രൻ അന്ധമായി പിണറായി രീതി അനുകരിക്കുമ്പോൾ, അഭിനയിക്കുമ്പോൾ. കാനവും മന്ത്രിമാരും അങ്ങിനെയാകാനെ തരമുള്ളു. ഏതായാലും മുൻകാല സി.പി.ഐ മന്ത്രിമാർ തുടങ്ങി വച്ച പല നന്മകളും അസ്തമിക്കാൻ പോവുകയാണ്. സപ്ലെക്കോയിൽ അവശ്യസാധനങ്ങളുടെ വില വദ്ധിപ്പിക്കാൻ മന്ത്രിമാരുടെ ജില്ലാ മാമാങ്കമായ നവകേരള സദസ് കഴിയുകയേ വേണ്ടു. വില കൂട്ടേണ്ടത് അനിവാര്യമാണെന്ന കാര്യം ഇടതുപക്ഷ മുന്നണിയോഗം അംഗീകരിച്ചു കഴിഞ്ഞു
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ സദസ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ സാധനവില വദ്ധിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന തീരുമാനത്തിലാണ് അതു് കുറച്ചു ദിവസത്തേയ്ക്ക് നീട്ടിവച്ചത്. പുതിയ വിലയും അത് വർദ്ധിപ്പിക്കേണ്ട സമയവും സംബന്ധിച്ച നിർദേശം സമർപ്പിക്കാൻമന്ത്രി ജി.ആർ അനിലിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി മന്ത്രിമാർ ജനസമക്ഷം നിവൃത്തികേടിൻറെ അപരാധം ഏറ്റു പറഞ്ഞിട്ടുള്ള ഉത്സവം കഴിയുംവരെ കാത്തിരിക്കക . വിലക്കയറ്റത്തിൻറെ അത്യുഷ്ണത്താൽ പരോക്ഷമായ മറ്റൊരു ഗാസ പോലെ കേരളീയ മനസ്സ് പിടയുന്നത് കാണാം.
വാൽക്കഷ്ണം
അടുത്തിടെ നാട്ടുമ്പുറത്തെ ഒരു കോൺഗ്രസ്സുകാരൻ ഒരു ദുരാഗ്രഹം പറഞ്ഞു. 2026 ലും പിണറായി വിജയൻതന്നെ കേരളം ഭരിക്കണം. കാരണം ഇവരെക്കൊണ്ട് ജനങ്ങൾ കുറച്ചുകൂടി അനുഭവിക്കണം. അദ്ദേഹത്തിൻറെ രോഷം ഇനിയും പിണറായിയെ ന്യായീകരിക്കുന്ന അൽപ്പം ചിലരെങ്കിലും അവശേഷിക്കുന്നുവെന്നതാണ്. മാത്രവുമല്ല, സർവ്വവും മുടിച്ചുനിൽക്കുന്ന പിണറായി ഭരണത്തിനു ശേഷം ഒരു കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ എത്രകണ്ട് തിളങ്ങാൻ കഴിയുമെന്ന സംശയവും അയാൾ പ്രകടിപ്പിച്ചു. പക്ഷേ അതൊരു സാഡിസ്റ്റു ചിന്തയാണ്. കാലം അതിൻറെ വിധി നിശ്ചയിക്കട്ടെ. പക്ഷേ പൂച്ച പെറ്റു കിടന്ന അടുപ്പിൽ അതിനെ ഇപ്പോൾ കാണാനില്ലെന്നതാണ് സത്യം. ഒരുപക്ഷേ, അതും കുഞ്ഞുങ്ങളും അതിർത്തി കടന്നിരിക്കാനാണ് സാധ്യത.
*

Advertisement
Next Article