മദ്യനയ അഴിമതി: സിപിഎമ്മിന് വേണ്ടി സംസ്ഥാന സർക്കാർ നടത്തിയ ഗുണ്ടാ പിരിവ് ; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മദ്യനയത്തിന്റെ പേരിൽ എക്സൈസ് മന്ത്രി എംബി രാജേഷിന്റെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ബാർ ഉടമകളോട് നടത്തിയ ഏറ്റവും വലിയ ഗുണ്ടാ പിരിവാണ് മദ്യനയ അഴിമതിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മദ്യനയ അഴിമതിയിൽ ആരോപണ വിധേയനായ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലാത്ത ബാർകോഴയുടെ പേരിൽ കെഎം മാണിയെ മരണംവരെ സിപിഎമ്മുകാർ ഏതെല്ലാം രീതിയിലാണ് വേട്ടയാടിയതെന്ന് ജോസ് കെ മാണി മറന്നാലും കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ മറക്കില്ല. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്താകമാനം 29 ബാറുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത് എന്നാൽ തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല സ്കൂളുകൾ ആണെന്ന് മുദ്രാവാക്യം ഉയർത്തി അധികാരത്തിലേറിയ പിണറായി സർക്കാർ എട്ടു വർഷത്തിനിപ്പുറം 802 ബാറുകളാണ് തുറന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ സംവിധാനങ്ങളിലൂടെയും മദ്യം ഒഴുക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ മദ്യനയത്തിന് പിന്നിലെ അഴിമതി പുറത്തുവരുന്നത്.
സംസ്ഥാനത്തെ ഡ്രൈ ഡേ പിൻവലിക്കുന്നതിനായി ബാർ ഒന്നിന് 2.5 ലക്ഷം രൂപ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് കോഴയായി നൽകണമെന്ന് സംബന്ധിച്ച ബാർ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെയാണ് മദ്യനയ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ല എന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. എന്നാൽ മന്ത്രിയുടെ വാദം പച്ചക്കള്ളം ആണെന്ന് പുറത്തുവരുന്ന സർക്കാർ രേഖകളിലൂടെ വ്യക്തമാകുന്നത്.
മധ്യനയം മാറ്റം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറും എക്സൈസ് വകുപ്പ് സെക്രട്ടറിയും സംബന്ധിച്ച് നടത്തിയ ചർച്ചകൾ വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.അതേസമയം എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ബാർ ഉടമകളുടെ യോഗത്തിലാണ് മദ്യനയം മാറ്റം സംബന്ധിച്ച് ചർച്ച നടന്നത്. ഇത് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എക്സൈസ് വകുപ്പിനെ മറികടന്ന് മദ്യനയത്തിൽ ചർച്ച നടത്താൻ പൊതുമരാമത്ത് വകുപ്പിന് എന്ത് അധികാരമാണുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഡ്രൈ ഡേയിൽ പണം വാങ്ങി ബാർ തുറന്നു കൊടുക്കുന്ന ഇടത് സർക്കാർ ഗാന്ധിജയന്തി ദിനത്തെ പോലും എണ്ണിച്ചുട്ട അപ്പം പോലെ കച്ചവടം ചെയ്യുമെന്നും രാഹുൽ ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ ഈ സമരം സാമ്പിൾ മാത്രമാണെന്നും ബാർ ഉടമകളിൽ നിന്നും കോഴ വാങ്ങി കുടുംബത്തോടൊപ്പം ഉലകം ചുറ്റുന്ന എക്സൈസ് മന്ത്രി എംബി രാജേഷ് തിരികെ കേരളത്തിൽ എത്തിയാൽ യൂത്ത് കോൺഗ്രസിന്റെ സമരവീര്യം എന്താണെന്ന് കാണേണ്ടി വരുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകി