പിണറായി ഭരണത്തില്‍ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറി: അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം: പുഷ്പന്റെ പരാതിയിന്മേല്‍ കേസെടുത്ത നടപടിക്കെതിരെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്.സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുഷ്പന്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത പോലിസ് നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്ത്.പിണറായി ഭരണത്തില്‍ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറിയതായി അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു.
പോലിസ് കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
സ്വകാര്യ സര്‍വ്വകലാശാല വിഷയത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ച്'ഉരുണ്ടഭൂമിയിലിങ്ങനെ ഉരുണ്ടു കളിക്കുന്ന ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ' എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പ് കെ.എസ്.യു സംസ്ഥാന അധ്യക്ഷ്യന്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രസ്തുത കുറിപ്പില്‍ ഇന്നത വിദ്യാഭ്യാസ കമ്മീഷണറായിരുന്ന ടി.പി ശ്രീനിവാസനെ കുറിച്ചും, പുഷ്പനെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.
'രാഷ്ട്രീയ നാടകങ്ങള്‍ക്കായ് നിങ്ങള്‍ രക്തസാക്ഷികളാക്കിതീര്‍ത്തവരോടും, ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങള്‍ കാണിച്ച നീതികേട് കാലം ഓര്‍ത്തിരിക്കും.
പുഷ്പനെ അറിയാമോ?
ഞങ്ങടെ പുഷ്പനെ അറിയാമോ?
ആ വരികള്‍ വലിയ ചോദ്യത്തിലേക്കാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. പുഷ്പനെ അറിയില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. പുഷ്പന് എഴുനേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു കാലം വരുമെങ്കില്‍ ആദ്യം ആ മനുഷ്യന്‍ ചെയ്യുക നിങ്ങടെ കവിളില്‍ നോക്കി ആഞ്ഞൊരു അടി തരിക തന്നെയാവും.' എന്ന ഭാഗമാണ് പുഷ്പനെ കുറിച്ച് പരാമര്‍ശിച്ച് സിപിഎമ്മിനെ വിമര്‍ശിച്ചിരിക്കുന്നത്.അതേ സമയം, തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ കള്ളക്കേസെടുത്ത് നിഷബ്ദരാക്കി കളയാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
സിപിഎം കുറഞ്ഞ പക്ഷം രക്തസാക്ഷികളോട് മാപ്പ് പറയാനെങ്കിലും തയാറാകണം. കേരളത്തിന്റെ വിദ്യാഭാസ മേഖലയെ ബഹുദൂരം പിന്നോട്ടടിക്കുന്ന നയങ്ങളാണ് സിപിഎം കാലാകാലങ്ങളായി സ്വീകരിച്ചു വരുന്നത്. തളളിപ്പറയാനും അത് തിരുത്തിപ്പറയാനും സിപിഎമ്മിന് യാതൊരു മടിയുമില്ല എന്നതിന്റെ ഉദാഹരണമാണ് സ്വകാര്യ - വിദേശ സര്‍വ്വകലാശാല വിഷയത്തിലെ മലക്കം മറിച്ചിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തിരുന്നു.