ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനങ്ങളിൽ സംഘർഷം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനങ്ങളിൽ സംഘർഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർക്കുകയും ചെയ്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവിഎം, വിവിപാറ്റ് യന്ത്രങ്ങൾ അടിച്ചു തകർത്തു. സുരക്ഷസേനയും പോളിങ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് സംഭവങ്ങളുണ്ടായത്.അതേസമയം, ഛത്തിസ്ഗഡിലെ ബിജാപൂരിൽ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് പരിക്കേറ്റു. പോളിങ് ബൂത്തിന് 500 മീറ്റർ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.