വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ യുവതിയെ അപമാനിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
ചെന്നൈ: ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് തമിഴ് യുവതിയെ ഗോവ വിമാനത്താവളത്തില്‍ അപമാനിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗോവ ദബോലിം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ശര്‍മിള എന്ന യുവതിക്കാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെ തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ തമിഴ്നാട് ഇന്ത്യയിലാണെന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നുമായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും ശര്‍മിള മറുപടി പറഞ്ഞു. തുടര്‍ന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂവെന്നായി ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥന്‍ യുവതിയെ കൂടുതല്‍ അപമാനിച്ചെന്നും ആരോപണമുണ്ട്. ഇതില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി.
ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടി വരുന്നതും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ആവര്‍ത്തിച്ചുള്ള സംഭവമാണ്. ഇത് ഖേദകരമാണെന്നും എം കെ സ്റ്റാലിന്‍ തമിഴില്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
'ശര്‍മിള ചൂണ്ടിക്കാട്ടിയതുപോലെ ഇത് വ്യക്തികളുടെ മാത്രം പ്രശ്നമല്ല മറിച്ച്, വ്യവസ്ഥാപരമായ അവബോധമില്ലായ്മയാണ്. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കണം. വിവേചനത്തിന് ഞങ്ങളുടെ ഇന്ത്യയില്‍ സ്ഥാനമില്ല. എല്ലാ ഭാഷകള്‍ക്കും തുല്യമായ ബഹുമാനം ഉറപ്പാക്കണം'- മുഖ്യമന്ത്രി വ്യക്തമാക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷ നിലനിര്‍ത്തലാണെന്നും ഹിന്ദി പാഠങ്ങള്‍ പഠിപ്പിക്കലല്ലെന്നും കായികമന്ത്രി ഉദയനിധി സ്റ്റാലിനും വിമര്‍ശിച്ചു.