എംപോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് തീവ്രവ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദം
ന്യൂഡൽഹി: എം പോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്‌സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. ഇന്ത്യയിൽ കണ്ടെത്തുന്ന എംപോക്‌സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണിത്.
clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം വേഗത്തിൽ പടരുമെന്നാണ് റിപ്പോർട്ടുകൾ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.