മഹാരാഷ്ട്രയിലെ തിരിച്ചടി; രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയേറ്റത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താൻ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ 48ൽ 30സീറ്റും മഹാവികാസ് അഘാഡി പിടിച്ചെടുത്തതിന് പിന്നാലെയാണ് ഫഡ്നാവിസ് രാജി തീരുമാനം അറിയിച്ചത്. കഴിഞ്ഞതവണ 41 സീറ്റ് നേടിയ എൻഡിഎയ്ക്ക് ഇത്തവണ 17 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
അതേസമയം ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ അഭിപ്രായപ്പെട്ടു. അത്തരമൊരു തീരുമാനം പാർട്ടി അംഗീകരിക്കില്ല. തോൽവിയുടെ ഉത്തരവാദിത്വം മാത്രമാണ് ഫഡ്നാവിസ് ഏറ്റെടുത്തതെന്നും മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഫഡ്നാവിസ് തുടരുമെന്നും ഗിരീഷ് മഹാജൻ കൂട്ടിച്ചേർത്തു.അതേസമയം ഫഡ്നാവിസിന്‍റെ രാജി പ്രഖ്യാപനത്തിൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടത്. അത്തരം തീരുമാനങ്ങളെല്ലാം ബി ജെ പിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ബി ജെ പിയുടെ വിജയത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്തെങ്കിൽ തോൽവിയുടെ ഉത്തരവാദിത്വവും ഫഡ്നാവിസിനാണെന്നാണ് എൻ സി പി പ്രതികരിച്ചത്. സംസ്ഥാന ബി ജെ പി മാത്രമല്ല കേന്ദ്ര ബി ജെ പി നേതൃത്വവും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കൂടിയായ എൻ സി പി നേതാവ് വിജയ് വഡേത്തിവാർ അഭിപ്രായപ്പെട്ടു