മഹാത്മാഗാന്ധി ലോകം അംഗീകരിച്ച നേതാവ്: ഡോ. പി വി കൃഷ്ണന്‍ നായര്‍
കൊച്ചി: മഹാത്മാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ. പി വി കൃഷ്ണന്‍ നായര്‍. എറണാകുളം ഡിസിസിയുടെയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട 'ഗാന്ധി- ലോക സാഹിത്യത്തിലെ ഇതിഹാസം' എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരെ സഹന സമരത്തിലൂടെ രാജ്യത്തുനിന്നും പുറത്താക്കിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മഹാത്മാഗാന്ധി ആയിരുന്നു. അതേ ബ്രിട്ടീഷുകാരുടെ പാര്‍ലമെന്റില്‍ പോലും മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
അത്തരത്തില്‍ ലോകമാകെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ആദര്‍ശധാരയുടെ പേരാണ് ഗാന്ധി. ഇന്നലെയും ഇന്നും നാളെകളിലും ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കുള്ള പ്രസക്തി വളരെ വലുതാണ്. ഗാന്ധി എന്ന ആശയം എല്ലാ കാലവും നിറഞ്ഞുനില്‍ക്കുന്നതാണ്. അത്രമേല്‍ ശക്തവും ആദര്‍ശ ദൃഢവുമായതുകൊണ്ടാണ് ഗാന്ധിയന്‍ ആശയങ്ങളെ തകര്‍ക്കുവാനുള്ള പല ശ്രമങ്ങളും തകര്‍ന്നുവീഴുന്നത്. മഹാത്മാഗാന്ധിയെ ഏറ്റവും മോശമായി ചിത്രീകരിച്ചവരുടെ കൂട്ടത്തില്‍ മാര്‍ക്‌സിസ്റ്റുകാരും ഉള്‍പ്പെടുന്നു. ഏറ്റവും അധികം ഗാന്ധിനിന്ധ നിറഞ്ഞ പുസ്തകം ഇറക്കിയത് ഇഎംഎസ് ആയിരുന്നു. അച്യുതമേനോന്‍ വരെ ഇതിനെ വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന് ഏറെ അനിവാര്യമായ ഒന്നാണെന്നും ഇന്ത്യയുടെ ആത്മാവ് തന്നെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഏറ്റവും അധികം തീക്ഷണമായി സ്വാധീനിച്ച വ്യക്തിത്വം മഹാത്മാഗാന്ധിയുടേത് ആയിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ എ ജയശങ്കര്‍ പറഞ്ഞു.
ഗാന്ധി ഒരു ബൃഹത്തായ ആശയമാണ്. അതിനെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ എല്ലാകാലത്തും നടന്നിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഭരണകൂടം ഗാന്ധിയുടെ ജീവിക്കുന്ന ഓര്‍മ്മകളെ പോലും ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഡോ. എം സി ദിലീപ് കുമാര്‍, ഡോ. ടി എസ് ജോയ്, ഡോ. ജിന്റോ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു