മലപ്പുറത്തെ ഏറ്റവും വലിയ മാൾ: ഹൈലൈറ്റ് മാൾ നിലമ്പൂരിൽ ഉയരുന്നു
മലപ്പുറം: കേരളത്തിലെ ആദ്യ ഷോപ്പിംങ്‌മാളായ 'ഫോക്കസ് മാൾ' സ്ഥാപിച്ചതിലൂടെ റീട്ടെയിൽ വിപ്ലവത്തിന് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പ് നിലമ്പൂരിലും എത്തുന്നു. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്.
ഫോക്കസ് മാളിന് ശേഷം കോഴിക്കോട് ഹൈലൈറ്റ് മാൾ സ്ഥാപിക്കുകയും, രാജ്യാന്തര ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ഹൈലൈറ്റിന് സാധിച്ചു. തുടർന്ന് ഹൈലൈറ്റ് മാൾ തൃശൂർ, ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട്, ഹൈലൈറ്റ് സെന്റർ മണ്ണാർക്കാട്, ഹൈലൈറ്റ് ബൊലെവാഡ് കൊച്ചി തുടങ്ങിയ പദ്ധതികൾക്ക് ശേഷം ഹൈലൈറ്റ് നടപ്പിലാക്കുന്ന ഏഴാമത്തെ റീട്ടെയിൽ സംരംഭമാണ്, ഹൈലൈറ്റ് സെന്റർ നിലമ്പൂർ.
നിലമ്പൂർ ഹൈലൈറ്റ് സെന്റർ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് നടക്കും. 8.65 ഏക്കറിലാണ് ജില്ലയിലെ വലിയ മാൾ നിലമ്പൂരിൽ ഉയരുന്നത്. 7.15 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലുള്ള ഹൈലൈറ്റ് സെന്റിൽ 45,000 ചതുരശ്രയടിയിൽ ഹൈപ്പർ മാർക്കറ്റ്, അഞ്ച് സ്ക്രീനുകളുമായി പലാക്സി സിനിമാസ്, 30,000 ചതുരശ്രയടിയിൽ വിശാലമായ എന്റർടെയ്ൻമെന്റ് സോൺ, 1500 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. 850ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുങ്ങുന്നുണ്ട്. ഊട്ടി, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന മൊബിലിറ്റി ഹബ്ബാണ് നിലമ്പൂർ എന്ന പ്രത്യേകതയും ഹൈലൈറ്റ് സെന്ററിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈലൈറ്റ് ഗ്രൂപ്പ് മാൾ പദ്ധതികൾ നടപ്പിലാക്കുന്നത്. വലിയ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറുപട്ടണങ്ങൾ, എന്നിങ്ങനെ തരംതിരിച്ചാണ് മാളുകൾ നിർമ്മിക്കുന്നത്. നിലമ്പൂർ ഉൾപ്പടെയുള്ള ഇടത്തരം നഗരങ്ങളിൽ 'ഹൈലൈറ്റ് സെന്റർ' എന്ന പേരിലും, ചെമ്മാട് ഉൾപ്പടെയുള്ള ചെറുപട്ടണങ്ങളിൽ 'ഹൈലൈറ്റ് കൺട്രിസൈഡ്' എന്ന പേരിലും വ്യാപാര സമുച്ചയങ്ങൾ ഉയരും. ചെമ്മാടിൽ ‘ഹൈലൈറ്റ് കൺട്രിസൈഡിന്റെ’ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സംസ്ഥാനത്തുടനീളം ഷോപ്പിംഗ് മാളുകളും, മൾട്ടി-പ്ലെക്സ്സുകളും സ്ഥാപിക്കുന്ന വമ്പൻ പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എപിക് (EPIQ) ഫോർമാറ്റിൽ ദൃശ്യവിസ്മയങ്ങളുമായി ഗ്രൂപ്പിന്റെ പലാക്സി സിനിമാസ് മൾട്ടിപ്ലെക്സ് തീയറ്ററും മാളുകളുടെ പ്രധാന സവിശേഷതയാകും. ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന സംസ്ഥാനത്തെ മികച്ച ഷോപ്പിംഗ് മാളാണ് കോഴിക്കോട് ഹൈലൈറ്റ് മാൾ. വിവിധ ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, വിശാലമായ ഫുഡ്കോർട്ട്, പലാക്സി സിനിമാസ് മൾട്ടി-പ്ലെക്സ് തീയറ്റർ തുടങ്ങിയവ മാളിന്റെ പ്രത്യേകതകളാണ്.
സംസ്ഥാനത്തെ ടിയർ രണ്ട്, ടിയർ മൂന്ന് നഗരങ്ങളിൽ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവമാകും ഉപഭോക്താക്കൾക്ക് ലഭിക്കുക. സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് പുറമെ ഗ്ലോബൽ- ഇന്ത്യൻ ലൈഫ് സ്റ്റൈൽ ബ്രാൻഡുകൾ ഇനി നിലമ്പൂരിന്റെയും ഭാഗമാകുമെന്നും ചെയർമാൻ പി. സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃശ്ശൂരിലും ഹൈലൈറ്റ് മാൾ ഉടൻ പ്രവർത്തനം ആരംഭിക്കും. തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ മാളാകും ഹൈലൈറ്റിന്റേത്. തൃശൂരിലെ പ്രധാന വാണിജ്യ നഗരമായ കുട്ടനെല്ലൂരിൽ എൻ എച്ച് 47-നും, എസ് എച്ച് 22-നും ഇടയിലാണ് ഹൈലൈറ്റ് മാൾ. ലുലു ഹൈപ്പർ മാർക്കറ്റ്, ഇന്ത്യൻ ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ, നൂറിലധികം രാജ്യാന്തര ബ്രാൻഡുകളുടെ സ്റ്റോറുകൾ, പലാക്സി സിനിമാസ്, വിശാലമായ ഫുഡ്കോർട്ട് എന്നിവ മാളിന്റെ മറ്റ് പ്രധാന ആകർഷണങ്ങളാകും.
കൂടാതെ കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ ‘ഹൈലൈറ്റ് ബൊലെവാഡ്’ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഐലൻഡിൽ ഹൈലൈറ്റിന്റെ വാട്ടർഫ്രണ്ട് ഷോപ്പിംഗ് സോൺ ഒരുങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ വലിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകളിലൊന്നായ ‘ഹൈലൈറ്റ് സിറ്റി’ കോഴിക്കോട് അവതരിപ്പിച്ചതും ഹൈലൈറ്റാണ്. ഹൈലൈറ്റ് തുടക്കം മുതൽ തന്നെ റെസിഡൻഷ്യൽ, കമേർഷ്യൽ, റീട്ടെയിൽ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനി എന്നതിലുപരി ‘മിക്സ്ഡ് യൂസ് ഡവലപ്പറായി' ഹൈലൈറ്റ് ഗ്രൂപ്പ് വളർന്നു കൊണ്ടിരിക്കുന്നു.
ഹൈലൈറ്റിന്റെ ജിസിസി - ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഓപ്പറേഷനുകൾ നടക്കുന്നത് ബുർജ് ഖലീഫയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ്.
മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ് ഫവാസ്, ഗ്രൂപ്പ്, ഡയറക്ടർ നിമ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.