മലയാളി വിദ്യാര്‍ഥിനി ഖരഗ്പുര്‍ ഐ.ഐ ടിയില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഏവൂര്‍ സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രീമിയര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബയോസയന്‍സ് ആന്റ്് ബയോടെക്നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ദേവിക. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഖരഗ്പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ഇത് ആത്മഹത്യയാണോ മറ്റെന്തെങ്കിലും കേസാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ സരോജിനി നായിഡു-ഇന്ദിരാഗാന്ധി ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ദുരൂഹ സാഹചര്യത്തില്‍ മരണം സംഭവിക്കുന്നത്.
സംഭവം നടന്ന ഉടനെ കാമ്പസ് സെക്യൂരിറ്റിയും മെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആത്മഹത്യക്ക് തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്