മാലിദ്വീപ് വിളിക്കുന്നു; ഇന്ത്യക്കാരെ തിരികെ വരൂ…
ഗ്രീഷ്മ സെലിൻ ബെന്നി
നീലാകാശത്തിന് കീഴെ നിർമ്മലമായ നീലജലം, തെളിഞ്ഞ ചാര മണൽ, കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ദൃശ്യ ചാരുത തുളുമ്പുന്ന സ്വർഗ്ഗമാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. പവിഴ പുറ്റുകളും മണൽതിട്ടകളും ബീച്ചുകളും മാലിദ്വീപിന്റെ മനോഹര സൗന്ദര്യത്തെ വിളിച്ചോതുന്ന അവശേഷിപ്പുകൾ ആണ്.
ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലിദ്വീപ്. മുഹമ്മദ് മൊയിസു പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനുശേഷമുള്ള ഇന്ത്യ വിരുദ്ധ നിലപാടുകൾ മാലിദ്വീപ് – ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു അവസരമായി കണ്ട് ചൈന മാലിദ്വീപുമായി പുതിയ കരാറുകൾ ഉണ്ടാക്കുകയും ചെയ്തു. അത് മാത്രമല്ല ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുയിസുവിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത് ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ചർച്ചാവിഷയമായ ഒന്നുതന്നെയായി മാറി. ഇതുമൂലം മാലിദ്വീപ് സർക്കാർ ഒരുപാട് തിരിച്ചടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.
ഭൂമിയിലെ പറുദീസയായി കണ്ട് മാലിദ്വീപിനെ നെഞ്ചിലേറ്റിയ ഇന്ത്യക്കാർ ഒന്നടങ്കം മാലിദ്വീപിനോട് നോ പറഞ്ഞത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിനോദസഞ്ചാര മേഖല കയ്യടക്കിയിരുന്ന മാലിദ്വീപിനെ കൂടുതൽ പ്രതിസന്ധിയിൽ ആഴ്ത്തി. വരുമാനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചു.
ഇപ്പോൾ ഇതാ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ് മാലിദ്വീപ്. നയതന്ത്ര സംഘർഷം സാമ്പത്തികത്തെ ബാധിച്ചപ്പോൾ മാലിദ്വീപ് ടൂറിസം വകുപ്പ് മന്ത്രി ഇബ്രാഹിം ഫൈസൽ സന്ദർശനങ്ങൾ തുടരണ മെന്ന് ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ‘പുതിയ സർക്കാരിന് ഇന്ത്യയോടൊപ്പം പ്രവർത്തിക്കണമെന്നുണ്ട്. മാലിദ്വീപിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഊഷ്മളമായ സ്വീകരണം നൽകും. ടൂറിസം മന്ത്രി എന്ന നിലയിൽ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ് ഞാൻ. ഞങ്ങളുടെ സമ്പത്ത് വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് ‘ ഇങ്ങനെയാണ് ഇബ്രാഹിം തന്റെ വാക്കുകളിലൂടെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചത്.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചതായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ‘ എന്തൊരു കോമാളി, ഇസ്രായേലിന്റെ കളിപ്പാവ മിസ്റ്റർ മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു ഒരു മന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പിന്നാലെ വന്നതെല്ലാം മാലിദ്വീപ് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. അവധി ആഘോഷിക്കാൻ മാലിദ്വീപ് തെരഞ്ഞെടുത്ത ഇന്ത്യക്കാർ ഒന്നടങ്കം വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു.
നയതന്ത്ര സംഘർഷം ഇത്തരത്തിൽ മുന്നോട്ടു പോയാൽ കാര്യങ്ങൾ അത്ര സുഗമമാവില്ലെന്ന് തിരിച്ചറിഞ്ഞ മാലിദ്വീപ് ഭരണകൂടം വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയാണ്, അല്ലെങ്കിൽ നിർബന്ധിതരാവുകയാണ്. ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാലിദ്വീപ് ഭരണകൂടം.