മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ ഉടൻ നടപടി
തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ നടപടി ഉടന്‍ ഉണ്ടായേക്കും. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കി എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് വ്യക്തമായത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മറ്റൊരു ഐപി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്ന കണ്ടെത്തലും ഗോപാലകൃഷ്ണനെതിരെ കുരുക്ക് മുറുക്കുന്നതാണ്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന് മെറ്റ ചൂണ്ടിക്കാണിച്ചതും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.