For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നരഭോജിക്കടുവയെ കണ്ടെത്തിയെങ്കിലും വെടിവെക്കാനായില്ല: പ്രതിഷേധിച്ച് പ്രദേശവാസികള്‍

11:22 AM Dec 13, 2023 IST | Online Desk
നരഭോജിക്കടുവയെ കണ്ടെത്തിയെങ്കിലും വെടിവെക്കാനായില്ല  പ്രതിഷേധിച്ച് പ്രദേശവാസികള്‍
Advertisement

സുല്‍ത്താന്‍ ബത്തേരി: ക്ഷീരകര്‍ഷകനായ യുവാവ് കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട വാകേരി മേഖലയില്‍ ഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. നരഭോജിയായ കടുവയെ കണ്ടെത്തി വെടിവെക്കാന്‍ ചൊവ്വാഴ്ചയും മയക്കുവെടി സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും കാടിനോട് അടുത്ത പ്രദേശങ്ങളും കാപ്പിത്തോട്ടങ്ങളും അരിച്ചുപെറുക്കിയെങ്കിലും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങി. മാരമലയില്‍ കടുവയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് തെരച്ചില്‍ നടത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോണ്‍സ് ടീമും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.

Advertisement

രാവിലെ 10 മണിയോടെ മാരമലയില്‍ കടുവയെ കണ്ടുവെന്ന വിവരം വന്നതും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. ആര്‍ആര്‍ടി സംഘവും തയ്യാറായി. ഡോ. അജേഷ് മോഹന്റെ നേതൃത്വത്തില്‍ മയക്കുവെടി വെക്കാനുള്ള ഒരുക്കമെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി വാഹനങ്ങളില്‍ ദൗത്യ സംഘം രണ്ട് വാഹനങ്ങളിലായി പുറപ്പെടുകയായിരുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കി വയനാട് സൗത്ത് ഡിഎഫ്ഒ ഷജ്ന കരീം മുഴുവന്‍ സമയവും വാകേരി മേഖലയില്‍ ഉണ്ടായിരുന്നു. ദൗത്യ സംഘം പുറപ്പെട്ടതറിഞ്ഞ നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അഞ്ചരയോടെ സംഘങ്ങളെല്ലാം തിരികെയെത്തി. കടുവയെ കണ്ട സ്ഥലത്ത് പരിശോധിച്ചെങ്കിലും സാന്നിധ്യം തെളിയിക്കുന്ന കൂടുതല്‍ സൂചനകള്‍ ലഭിച്ചില്ല. ഇതോടെയാണ് ദൗത്യ സംഘത്തിന് മടങ്ങേണ്ടിവന്നത്. ദൗത്യം ഇന്നും തുടരും.

ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ പ്രദേശത്തെ വാഴത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായും വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കടുവ ഭീതി പ്രദേശത്ത് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രദേശവാസികള്‍ എത്തി ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.

Author Image

Online Desk

View all posts

Advertisement

.