മനുഷ്യനിർമ്മിത ദുരന്തം; സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാകില്ല: മാധവ് ഗാഡ്ഗിൽ
വയനാട്: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. മനുഷ്യനിർമ്മിതമായ ദുരന്തമാണ് ഉണ്ടായതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും പ്രകൃതി ചൂഷണത്തിന് സർക്കാർ അനുമതി നൽകുകയാണെന്നും മാധവ് ഗാഡ്ഗിൽ കുറ്റപ്പെടുത്തി.
മേപ്പാടി മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത ചൂണ്ടികാണിച്ചിട്ടുള്ളതാണ്. സർക്കാരിൽ നിന്നും പ്രതീക്ഷയൊന്നും ഉണ്ടാകില്ലെന്നും ജനങ്ങളുടെ മുന്നേറ്റത്തിലൂടെയേ മാറ്റങ്ങൾ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ആളുകൾ സ്വീകരിക്കുന്നത് സ്വാഗതാർഹമാണെന്നും മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.