വയനാട്ടിലേത് മനുഷ്യ നിര്‍മ്മിത ദുരന്തം: സമാനമായ ദുരന്തങ്ങള്‍ ഇനിയും സംഭവിക്കുമെന്ന് ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ വന്‍ ഉരുള്‍പൊട്ടലിന് സമാനമായ ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോക ശാസ്ത്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. മനുഷ്യനുണ്ടാക്കിയ കാലാവസ്ഥ വ്യതിയാനം മൂലം ഒറ്റ ദിവസം കൊണ്ട് വയനാട്ടില്‍ പെയ്ത 10 ശതമാനം അധികമഴയാണ് വലിയദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ എന്ന കാലാവസ്ഥ ഗവേഷക സംഘത്തിന്റെ പഠനം പറയുന്നു. ഇന്ത്യ, സ്വീഡന്‍, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള 24 പേരടങ്ങുന്ന ശാസ്ത്ര സംഘത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവരുന്ന ആദ്യ അന്താരാഷ്ട്ര പഠനറിപ്പോര്‍ട്ടാണിത്. അത്യുഷ്ണം മുതല്‍ അതിവര്‍ഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന സംഘടനയാണ് ഡബ്ല്യു.ഡബ്ല്യു.എ.
ഒറ്റപ്പകല്‍-രാത്രി മഴയുടെ തോത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ജൂലൈ 29നും 30നും ഇടയില്‍ 24 മണിക്കൂറില്‍ 10 ശതമാനം അധികമഴയാണ് പെയ്തത്. ആഗോളതാപനമാണ് ഇത്തരം തീവ്രമഴയിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തല്‍.1952 നും 2018നും ഇയില്‍ വയനാട്ടില്‍ വനവിസ്തൃതിയില്‍ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള ജില്ലയാണ് വയനാട്. വന്‍ ദുരന്തത്തിന്റെ തലേദിവസം പെയ്ത കനത്ത മഴയാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. 1901-ല്‍ ഇന്ത്യയുടെ കാലാവസ്ഥാ ഏജന്‍സി റെക്കോര്‍ഡ് സൂക്ഷിക്കാന്‍ തുടങ്ങിയതിനുശേഷം ഒരു പ്രദേശത്ത് രേഖപ്പെടുത്തുന്ന കേരളത്തിലെ മൂന്നാമത്തെ ഉയര്‍ന്ന മഴയായിരുന്നു. 1924, 2018 എന്നീ വര്‍ഷങ്ങളിലാണ് കേരളത്തില്‍ ഏറ്റവും നാശംവിതച്ച പേമാരി പെയ്തിറങ്ങിയത്. കേരളത്തിലെ മലയോര പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുടെ തോത് പഴയ രീതിയിലല്ല ഇനി അളക്കേണ്ടത്. മുന്നറിയിപ്പ് രക്ഷാ സംവിധാനങ്ങള്‍ ഇതനുസരിച്ച് ഏറെ മെച്ചപ്പെടണം. ഖനന നിര്‍മാണ വനനശീകരണ ജോലികള്‍ നിയന്ത്രിക്കണമെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയും മലയാളിയും ദ്രുത പഠന രചയിതാക്കളില്‍ ഒരാളുമായ മറിയം സക്കറിയ പറഞ്ഞു.
'ലോകം ഫോസില്‍ ഇന്ധനങ്ങളെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതുവരെ, മണ്‍സൂണ്‍ മഴ ശക്തമായി തുടരും, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ദുരിതം എന്നിവ ഇന്ത്യയിലേക്ക് കൊണ്ടുവരും,' സക്കറിയ മുന്നറിയിപ്പ് നല്‍കി.
ലോകമെങ്ങും വര്‍ധിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങള്‍ അമിതജലം കുടിച്ചു വീര്‍ത്ത് 'ജലബോംബു'കളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്പ് ഇത്തരം ഉരുള്‍മഴകള്‍ 50100 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ഇത് രണ്ട് ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തില്‍ നിന്ന് 14 ശതമാനമായി ഉയരുമെന്നും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചില്‍ അംഗമായ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
വനനശീകരണവും ഖനനവും കുറയ്ക്കുക, അപകടസാധ്യതയുള്ള ചരിവുകള്‍ ശക്തിപ്പെടുത്തുക, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലനിര്‍ത്തല്‍ ഘടനകള്‍ നിര്‍മിക്കുക എന്നിവ ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ തടയുന്നതിന് സംഘം ശുപാര്‍ശ ചെയ്യുന്ന മറ്റ് ചില നടപടികളാണ്.മണ്ണിടിച്ചിലിന് രണ്ടാഴ്ച മുമ്പുള്ള കനത്ത മഴയും മണ്ണിനെ മൃദുലമാക്കുകയും അമിതവികസനവും സംസ്ഥാനത്തെ അനിയന്ത്രിതമായ ടൂറിസവും കാരണമായേക്കാമെന്ന് ചില വിദഗ്ധര്‍ ഈ മാസം ആദ്യം റോയിട്ടേഴ്‌സിനോട് പറഞ്ഞു.