മംഗഫ് അഗ്നിബാധ:അകപ്പെട്ടവർ ക്കെല്ലാം ആയിരം ദിനാർ വിതരണംചെയ്ത് എൻ ബി ടി സി!
കുവൈറ്റ് സിറ്റി : ജൂൺ 12-ന് മംഗഫിലെ എൻ.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്കെല്ലാം കമ്പനി വാഗ്ദാനം ചെയ്‌തിരുന്ന അടിയന്തര ധനസഹായമായ ആയിരം കുവൈറ്റ് ദിനാർ (ഏകദേശം 3,260 യു.എസ്. ഡോളർ) വീതം വിതരണം ചെയ്തതായി എൻ.ബി.ടി.സി മാനേജ്‍മെൻറ്റ് അറിയിച്ചു. അടിയന്തിര ചികിൽസാ സൗകര്യങ്ങളും താമസ സൗകര്യങ്ങളും മറ്റു അത്യാവശ്യകാര്യങ്ങളും കമ്പനി നേരത്തെ തന്നെ ജീവനക്കാർക്കായി ഏർപ്പാട് ചെയ്തിരുന്നു . അതിനു പുറമെയാണ് ഇപ്പോൾ വിതരണം ചെയ്ത തുക.
54 ഇന്ത്യക്കാർ ഉൾപ്പെടെ നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്. മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്കെല്ലാം കമ്പനി പോളിസി അനുസരിച്ചും ഇൻഷുറൻസ് മുഖേനയും കുവൈറ്റ് അടക്കമുള്ള സർക്കാരുകളുടെയും സർക്കാർ ഏജൻസികളുടേയും വഴി ഗണ്യമായ ധനസഹായം ലഭിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. കൂടാതെ പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കായി ഒരു പ്രത്യേക പഠന സ്കോളർഷിപ്പ് പദ്ധതിയും എൻ.ബി.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ എൻ.ബി.ടി.സി അധികൃതർ കുവൈറ്റിൽ എത്തിച്ചിരുന്നു. ഇവർ നിലവിൽ ജീവനക്കാരോടൊപ്പം കുവൈറ്റിലുണ്ട്. നിലവിൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യപെടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ജീവനക്കാർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരെയും ആശുപത്രീയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായും, ഇവർക്ക് പ്രത്യേകം തയ്യാറാക്കിയ ഫുൾ ഫർണിഷ്ഡ് ഫ്ലാറ്റിൽ താമസ സൗകര്യമൊരുക്കിയതായും എൻ.ബി.ടി.സി. അറിയിച്ചു.