പ്രവാസികളെ നടുക്കി മംഗഫ് അഗ്നിബാധ ദുരന്തം!
കുവൈത്ത് സിറ്റി : നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫിലെ എൻ ബി ടി സി കമ്പനി ക്യാമ്പ് തീപിടിത്തത്തിൽ ബഹുമാന്യ കുവൈറ്റ് അമീർ ഷേഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയും ബഹു. കിരീടാവകാശി ഷേഖ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയും അനുശോചനം രേഖപ്പെടുത്തി. നേരത്തെ പരിക്കേറ്റവരെ ചികിൽസിച്ച് വരുന്ന ഠൻ ആശുപത്രിയിലെ അത്യാഹിത വിഭാഗവും സാരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ഐ സി യു കാലും ബഹു ഇന്ത്യൻ അംബാസിഡർ ശ്രീ ആദർശ് സ്വൈക അദാൻ ആശുപത്രിയുടെ ചുമതലയുള്ള ഡോ.നവാഫ് അൽ ജാറ യുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ആദരാജ്ഞലികൾ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെഎംസിസി, ഒഐസിസി ഭാരവാഹികളും മറ്റു സാമൂഹ്യ പ്രവർത്തകരും അദ്ദേഹത്തെ പിന്തുടർന്നിരുന്നു.
പ്രവാസി സമൂഹത്തെയാകെ നടുക്കുന്ന ഈ ദുഃഖ വർത്തയുമായാണ് ബുധനാഴ്ച വെളുപ്പിന് കുവൈറ്റ് ഉണർന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തിന് പരിസരത്തെ കാഴ്ചകൾ ഹൃദയ ഭേദകമായിരുന്നു. താഴെ നിലയിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. വിവിധ നിലകളിൽ നിന്ന് താഴോട്ടു പ്രവേശിക്കുന്നതിനുള്ള ഇടനാഴികളിൽ കറുത്ത പുക നിറഞ്ഞത് കാരണം മുകളിൽ ഉള്ളവർക്ക് തിരിച്ചിറങ്ങാൻ ആവാതെ വന്നതാണ് മരണ സംഖ്യ കൂടുന്നതിനിടയാക്കിയത്. മുകളിലെ നിലകളിൽ നിന്നും ആത്മ ര്കഷാർത്ഥം എടുത്തു ചാടിയവർ തൽക്ഷണം മരണപ്പെട്ടത് രക്ഷ പ്രവർത്തകരുടെ മുന്നിൽ വെച്ചായിരുന്നു. അദാൻ ആശുപത്രിയിൽ എത്തിയ ശേഷം മരണം സ്ഥിരീകരിച്ചത് നാലു പേരെയാണെന്നു അത്യാഹിത വിഭാഗത്തിൽ നിന്നും അറിയിച്ചു. സാധാരണ ഗതിയിൽ സുരക്ഷിതത്വത്തിന് ഏറെ പ്രമുഖ്യം നൽകിക്കൊണ്ട് കുവൈറ്റ് എണ്ണ മേഖലയിൽ നിരവധി പ്രോജെക്ട്കൾ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ക്യാമ്പുകളിലൊന്നിൽ ഈവിധം അത്യാഹിതമുണ്ടായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ശ്രീ ഷാഫി പറമ്പിൽ എം പി, ശ്രീ എം കെ രാഘവൻ എം പി എന്നിവർ അടക്കമുള്ള ജനപ്രതിനിധികൾ എംബസിയുമായി ബന്ധപ്പെട്ട് ആശ്വാസ നടപടികൾ ത്വരിതപ്പെടുത്തുന്നതിനു അഭ്യത്ഥിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പൂർണ്ണ വിവരങ്ങൾ എംബസി ശേഖരിച്ച് വരുന്നു. +965 65505246 എന്ന എംബസി ഹെല്പ് ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതാണ്.