Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ

12:24 PM Oct 16, 2024 IST | Online Desk
Advertisement

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ഈ കേസില്‍ വിശദീകരണം തേടി കെ. സുരേന്ദ്രന് കോടതി നോട്ടീസ് അയക്കും.

Advertisement

അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണ കോടതിയുടെ നടപടിയെന്ന വാദം ഹൈകോടതി അംഗീകരിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവ് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും വിടുതല്‍ ഹര്‍ജിയില്‍ വിചാരണ കോടതി നടത്തിയത് വിചാരണക്ക് സമമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

ഒക്ടോബര്‍ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളെ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റമുക്തരാക്കിയത്. കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമാണ് കേസ്. 2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്.സി -എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2021 ജൂണ്‍ അഞ്ചിനാണ് കെ. സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയും മൊബൈല്‍ഫോണും കോഴയായി നല്‍കിയെന്നാണ് സുന്ദര പറഞ്ഞത്.

ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കള്‍ സുന്ദരക്ക് പണം നല്‍കിയെന്ന് അദ്ദേഹത്തിന്റെ അമ്മ മൊഴി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും മറ്റും വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Tags :
featuredkeralanews
Advertisement
Next Article