'72000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയത് മൻമോഹൻസിങ് സർക്കാർ'
തിരുവനന്തപുരം: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ മൻമോഹൻസിങ് സർക്കാരിനെ പരിഹസിച്ച കൃഷിമന്ത്രിക്ക് ചുട്ടമറുപടിയുമായി പ്രതിപക്ഷ നേതാവ്. മന്‍മോഹന്‍ സിങിന്റെ കാലത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കരുതേയെന്നാണ് കൃഷി മന്ത്രി പറഞ്ഞത്. 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ സര്‍ക്കാരായിരുന്നു അതെന്നും അതാണോ നിങ്ങള്‍ ഓര്‍മ്മിപ്പിക്കരുതെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദി്ചു. ലോകത്ത് ഒരു സര്‍ക്കാരും കര്‍ഷകരുടെ കടം ഇതു പോലെ എഴുതിത്തള്ളിയിട്ടില്ല. ആ സര്‍ക്കാരിനെ കുറിച്ചാണ്, ഓര്‍മ്മിപ്പിക്കരുതെന്നെ കേരളത്തിലെ കൃഷിമന്ത്രി പറയുന്നത്. ഇടതുസർക്കാർ അതൊന്നും ഓര്‍ക്കാതെ പോകരുത്. കാര്‍ഷിക കടം എഴുതിത്തള്ളിയ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ കുറിച്ച് ഓര്‍ക്കാതെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇല്ലാതാക്കിയ പിണറായി സര്‍ക്കാരിനെ കുറിച്ചാണോ ഓര്‍ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കാര്‍ഷിക മേഖലയിലെ വിലയിടിവിന് പിന്നാലെയാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വളരുന്നത്. ഔഡി കാറ് വാങ്ങിയ കര്‍ഷകനല്ല, എല്ലാം നഷ്ടപ്പെട്ട് വട്ടിപ്പലിശയ്ക്ക് പണം വാങ്ങി വിത്തിറക്കിയ കര്‍ഷകരും നാളികേരം വില്‍ക്കാന്‍ സാധിക്കാത്ത കര്‍ഷകരും വനാതിര്‍ത്തികളിലെ നിസഹായരായ കര്‍ഷകരുമായിരിക്കണം സർക്കാരിന്റെ മനസില്‍ ഉണ്ടായിരിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.