മന്‍മോഹന്‍ സിങ്ങിന്റെ അവസാനയാത്ര കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിക്കും : നാളെ രാവിലെ 10ന് സംസ്‌ക്കാരം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ അവസാനയാത്ര ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മന്‍മോഹന്‍ സിങ്ങിന്റെ മൃതശരീരം ഇന്നും വീട്ടില്‍ തന്നെ പൊതുദര്‍ശനത്തിന് വെക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മോത്തിലാല്‍ നെഹ്‌റു റോഡിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാം.
നാളെ രാവിലെ എട്ട് മണിക്ക് മൃതദേഹം എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ എട്ടര മുതല്‍ ഒമ്പതര വരെ കോണ്‍ഗ്രസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെക്കും. ഒമ്പതരയോടെ മൃതദേഹം വിലാപയാത്രയായി രാജ്ഘട്ടില്‍ എത്തിക്കും. 10 മണിയോടെ സംസ്‌കാരചടങ്ങുകള്‍ തുടങ്ങും. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമിറ്റിയുടെ യോഗം ഇന്ന് ചേരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വൈകീട്ട് അഞ്ചരക്കായിരിക്കും യോഗം നടക്കുക.
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.