മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം: സാവിത്രി അന്തര്‍ജ്ജനം നാഗരാജാവിന്റെ പൂജ ആരംഭിച്ചു
ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തര്‍ജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു.ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് നിയോഗം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9നാണ് ഉമാദേവി അന്തര്‍ജ്ജനം സമാധിയായത്. തുടര്‍ന്നുള്ള സംവത്സര ദീക്ഷ പൂര്‍ത്തിയായതോടെയാണ് സാവിത്രി അന്തര്‍ജ്ജനം പൂജകള്‍ ആരംഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉമാദേവി അന്തര്‍ജ്ജനത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തില്‍ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു. അന്തരിച്ച അമ്മയുടെ പാദതീര്‍ത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തര്‍ജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്ബൂതിരിയുടെയും ആര്യ അന്തര്‍ജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തര്‍ജ്ജനം (83). മുന്‍കാരണവര്‍ എം.വി.സുബ്രഹ്മണ്യന്‍ നമ്ബൂതിരിയുടെ ഭാര്യയുമാണ്.