മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു: അന്തിമോപചാരമര്‍പ്പിക്കാന്‍ ജെബിന് അനുമതി നല്‍കി
കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിറ്റിക്യു വിഭാഗത്തില്‍പ്പെട്ട മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കുടുംബം ഏറ്റെടുത്തത്. മനുവിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്റെ സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ വച്ച് അന്തിമോപചാരമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമര്‍പിക്കാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ജെബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമര്‍പിക്കാനും അനുമതി നല്‍കുകയായിരുന്നു.
വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പൊലീസ് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. മനുവിന്റെ പങ്കാളിക്ക് മൃതദേഹത്തെ അനുഗമിക്കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ണൂരിലെ വീട്ടിലെത്തി മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിലും എതിര്‍പ്പില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുപോയി.
ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശിയായ മനു ഫ്‌ലാറ്റില്‍ നിന്നും വീണ് അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്നും പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്.