കണ്ണൂർ വനത്തിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ്
കണ്ണൂർ: ജില്ലയിലെ ഉൾവനത്തിൽ മാവോയിസ്റ്റുകളും പ്രത്യേക അന്വേഷണ സംഘമായ തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടി. അയ്യൻകുന്ന് ഉരുപ്പുകുറ്റി ഉൾവനത്തിൽ ഇന്നു പുലർച്ചെ ആയിരുന്നു ഏറ്റുമുട്ടൽ. വനത്തിനുള്ളിൽ തെരച്ചിൽ നടത്തിയ തണ്ടർബോൾട്ട് അംഗങ്ങൾക്ക് നേരേ മാവോയിസ്റ്റുകൾ വെടിവച്ചെന്നാണ് റിപ്പോർട്ട്. പൊലീസ് സംഘവും തിരിച്ചു വെടിവച്ചു. പത്തു മിനിറ്റോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ. എന്നാൽ ഏറ്റുമുട്ടൽ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളില്ല. കൂടുതൽ ഫോഴ്സിനെ സ്ഥലത്തേക്ക് അയച്ചെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സ്ഥലത്തു നിന്ന് രക്തക്കറ കണ്ടെത്തി. രണ്ടു മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. എന്നാൽ ഇവർ എവിടെയെന്നു വ്യക്തമായിട്ടില്ല. നിരവധി ആയുധങ്ങളും കണ്ടെടുത്തു. സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം ഏതാനും ദിവസമായി ഉറപ്പിച്ചിരുന്നു. കർണാടക- തമിഴ്നാട് അതിർത്തിയിലുള്ള കേരള വനം മേഖലയാണിത്. ഇവിടെ മാവോയിസ്റ്റ് ക്യാംപ് നടത്തിയതായി സംശയിക്കുന്നു. തോക്കടക്കമുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.