അപകട കെണിയായി മാറനല്ലൂർ - പുന്നാവൂർ റോഡ്
കാട്ടാക്കട: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് മാറനല്ലൂർ - മലവിള റോഡ് തകർന്ന നിലയിൽ. കഴിഞ്ഞ വർഷം ജൂണിൽ പൊതുമരാമത്ത് മന്ത്രിയും സംഘവും ഏറെ ആഘോഷമായി ഉദ്ഘാടനം നടത്തി മാസങ്ങൾ തികയുന്നതിനുമുൻപ് പാലത്തിനോട് ചേർന്നുള്ള ബണ്ട് റോഡ് തകർന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാലത്തിന് ക്ഷതമേൽക്കുകയും റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
പാലം പണിയിലെ അഴിമതി ചൂണ്ടികാണിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി പ്രക്ഷോപം സംഘടിപ്പിച്ചതോടെ സ്ഥലം സന്ദർശിക്കാൻ എംഎൽഎ തയ്യാറാവുകയും യുദ്ധകാല അടിസ്ഥാനത്തിൽ പണി തുടങ്ങുമെന്ന് പത്രസമ്മേളനം നടത്തിയെങ്കിലും നാളിതുവരെ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ആശാസ്ത്രീയമായ റോഡ് നിർമാണമാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടങ്ങളിൽ പുന്നാവൂർ സ്വദേശിക്ക് പരിക്ക് പറ്റിയിരുന്നു. അപകടങ്ങൾ പതിവാകുന്ന ഈ റോഡിൽ അമിത വേഗം നിയന്ത്രിക്കാൻ ബാരിക്കേടുകൾ വെച്ച് അപകടങ്ങൾ ഒഴിവാക്കാൻ മാറനല്ലൂർ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.