കളമശേരി സ്ഫോടന കേസ്: മാർട്ടിനുമായി തെളിവെടുപ്പ് തുടരുന്നു
കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. തമ്മനത്തെ വീട്ടിലടക്കം കൂടുതൽ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണെന്ന് പൊലീസ് കരുതുന്നു. കളമശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ 19 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണ് ഡോക്ടർമാർ അറിയിച്ചു.
സ്‌ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിലടക്കമായിരുന്നു ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കടക്കാരൻ മാർട്ടിനെ തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനം നടന്ന് സാംമ്ര കൺവെൻഷൻ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ മാസം 15ന് ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.