കൈപിടിക്കാന്‍ മാത്യുവില്ലെങ്കിലും രാഹുലിനായി വോട്ടഭ്യര്‍ഥിച്ച് മേരി
പുല്‍പ്പള്ളി: കൈപിടിക്കാന്‍ മാത്യുവില്ലെങ്കിലും രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിച്ച് പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മേരി. രാഹുല്‍ഗാന്ധി വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതറിഞ്ഞതോടെയാണ് പ്രയാധിക്യത്തിലും മേരി രാഹുല്‍ഗാന്ധിയുടെ പോസ്റ്ററുമായി വീടിന് മുമ്പില്‍ പ്രചരണത്തിനിറങ്ങിയത്.
തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടും കൃഷിയില്‍ സജീവമായിരുന്ന മേരിയും ഭര്‍ത്താവ് മാത്യുവും നേരത്തെ ദേശീയശ്രദ്ധയിലിടം നേടുന്നത് രാഹുല്‍ഗാന്ധിയുടെ ട്വീറ്റോട് കൂടിയായിരുന്നു. ഇരുവരും കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതുള്‍പ്പെടെയുള്ള വീഡിയോ സഹിതമായിരുന്നു രാഹുല്‍ഗാന്ധി മാത്യുവിനെയും മേരിയെയും പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കര്‍ഷകരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു അന്നത്തെ രാഹുലിന്റെ ട്വീറ്റ്. ബഹുമാനസൂചകമായി 2021-ല്‍ പുറത്തിറക്കിയ കലണ്ടറിലും ഇരുവരെയും രാഹുല്‍ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു.
രാഹുല്‍ഗാന്ധി പരിചയപ്പെടുത്തിയതോടെ ഇരുവരുടെയും നേരില്‍കാണാനും, ആദരിക്കാനും, കൃഷിയിടം കാണാനുമായി നിരവധി പേരായിരുന്നു സുരഭിക്കവലയിലെ വീട്ടിലെത്തിയത്. രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയ വേളയില്‍ ഇരുവരെയും നേരില്‍ കാണുകയും ചെയ്തിരുന്നു. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യുവും മേരിയും വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുല്‍പ്പള്ളിയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്തു. പിന്നെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി നടത്തി. പ്രായമേറിയപ്പോഴും കൃഷിയെ കൈവിട്ടില്ല. കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം ഇരുവരും നട്ടുപരിപാലിച്ചു.
വാര്‍ധക്യത്തിന്റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടിയപ്പോഴും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന ഈ വൃദ്ധദമ്പതികള്‍ വയനാട്ടിലെ വേറിട്ട കാഴ്ചയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മാത്യു മരിച്ചു. മാത്യുവില്ലെങ്കിലും ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും മേരിയെ മുന്നോട്ടുനയിക്കുന്നത്. മാത്യു മരിച്ചതറിഞ്ഞ രാഹുല്‍ഗാന്ധി കുടുംബത്തിന് അനുശോചന സന്ദേശമെഴുതാനും മറന്നില്ല. അഞ്ച് വര്‍ഷം മുമ്പ് വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളുമായി വീടിന് സമീപത്തെ റോഡിലെത്തി ഇരുവരും വോട്ടഭ്യര്‍ഥിക്കുന്നത് വാര്‍ത്തയായിരുന്നു. ഇന്ന് മാത്യുവില്ലെങ്കിലും തങ്ങളെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയ ആളെന്ന നിലയില്‍ രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാതിരിക്കാനാവില്ലെന്ന് പ്രായാധിക്യത്തിന്റെ വിഷമതകള്‍ അലട്ടുമ്പോഴും മേരി പറയുന്നു.