'നാല് മാസത്തെ പെൻഷൻ കിട്ടേണ്ടിടത് ഒരു മാസത്തെ പെൻഷൻ കിട്ടിയിട്ട് എന്ത് കാര്യം'
ബാക്കി പെൻഷൻ തുക നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന്; മറിയക്കുട്ടി
ഇടുക്കി: കേരളത്തിൽ മുടങ്ങിയിരിക്കുന്ന
പെൻഷൻ എല്ലാവർക്കും ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മറിയക്കുട്ടി. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകിയ ഒരു മാസത്തെ പെൻഷൻ കൊണ്ട് എന്തു ചെയ്യാൻ ആണെന്നും നവകേരള യാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ എന്നും മറിയക്കുട്ടി പ്രതികരിച്ചു. അതേസമയം അന്നാ ഔസേപ്പിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനവും ആയിട്ടില്ല.
പെൻഷൻ മുടങ്ങിയത് മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപയാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ നേരിട്ട് എത്തി കൈമാറിയത്. എന്നാൽ ഈ തുക കൊണ്ട് എന്താകാനാണെന്നും മുടങ്ങിയിരിക്കുന്ന മുഴുവൻ തുകയും അടിയന്തരമായി നൽകണമെന്നും മറിയക്കുട്ടി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ നടത്തുന്ന നവ കേരളസദസ് സത്യത്തിൽ ജനങ്ങളെ കബളിപ്പിക്കൽ ആണെന്നും കോടികൾ മുടക്കി ഈ പരിപാടി നടത്താൻ പണമുള്ളവർക്ക് എന്തുകൊണ്ട് പെൻഷൻ കൊടുക്കാൻ കഴിയുന്നില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. തനിക്ക് മാത്രം ഒരു മാസത്തെ പെൻഷൻ ലഭിച്ചാൽ പോരാ കേരളത്തിൽ മുഴുവൻ ആളുകൾക്കും മുടങ്ങിയിരിക്കുന്ന പെൻഷൻ തുക ലഭിക്കുന്നതുപോലെ സമരം തുടരുമെന്നും മറിയക്കുട്ടി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
അതേസമയം മറിയകുട്ടിക്ക് ഒരു മാസത്തെ പെൻഷൻ ലഭിച്ചെങ്കിലും സമരത്തിന് ഒപ്പമുണ്ടായിരുന്ന അന്നാ ഔസേഫിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തൊഴിലാളി ക്ഷേമനിധി പെൻഷൻ ആണ് അന്നയ്ക്ക് ലഭിക്കേണ്ടത്. ഇതു നൽകുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കൂടിയായ ക്ഷേമനിധി ബോർഡ് ചെയർമാൻ ഉറപ്പുനൽകിയിരുന്നെങ്കിലും തുക നൽകാൻ ഇവർ തയാറായിട്ടില്ല.