'അമ്മ'യില്‍ കൂട്ടരാജി: പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെച്ച് മോഹന്‍ലാല്‍; ഭരണസമിതി പിരിച്ചുവിട്ടു
കൊച്ചി: 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.
'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും'. രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നതിങ്ങനെ.
17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.