ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5,000 കോടിയുടെ കൊക്കെയ്ൻ
ന്യൂഡൽഹി: ഗുജറാത്തിലെ അങ്കലേശ്വറിൽ 5000 കോടി വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി.ഗുജറാത്ത് -ഡൽഹി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 518 കിലോ കൊക്കെയ്നാണ്. അങ്കലേശ്വറിലുള്ള അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തായ്‌ലാൻഡിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്.
രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡൽഹി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിൻ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു.