തൃശൂരിൽ വൻ കവർച്ച; 3 എടിഎമ്മുകൾ കൊള്ളയടിച്ചു, നഷ്ടമായത് 65 ലക്ഷം
തൃശൂർ: തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കൊള്ള നടന്നത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. 3 എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 4 പേരാണ് കവർച്ച സംഘത്തിലെന്നാണ് നിഗമനം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. വെള്ള കാറിലാണ് ഇവരെത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.
മുഖംമൂടി ധരിച്ച സംഘം ക്യാമറകൾ നശിപ്പിച്ചിട്ടില്ല. തൃശൂരിലെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. അയൽ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രഫഷനൽ ഗ്യാങ്ങുകളെ കുറിച്ചും മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും സൂചനയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലയെന്നും അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.