സിഎംആര്‍എല്ലിന് ടണ്‍ കണക്കിന് ഇല്‍മനൈറ്റ് നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍
സിഎംആര്‍എല്ലിന് ടണ്‍ കണക്കിന് ഇല്‍മനൈറ്റ് നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്ലിന് ചവറയില്‍ നിന്നും ഇല്‍മനൈറ്റ് എത്തിയതിന്റെ തെളിവുകളും കുഴല്‍നാടന്‍ പുറത്തുവിട്ടു. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കുഴല്‍നാടന്‍ മറുപടി നല്‍കി. ഹിറ്റ് ആന്റ് റണ്‍ തന്റെ രീതി അല്ലെന്നും പരസ്യ സംവാദത്തിന് മന്ത്രിമാര്‍ തയ്യാറാകണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
മന്ത്രി പി രാജീവിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടത്. തോട്ടപ്പള്ളിയിലെ മണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ലഭിക്കുന്നത് കെഎംഎംഎല്ലിന് മാത്രമാണെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ ടണ്‍ കണക്കിന് ഇല്‍മനൈറ്റ് സിഎംആര്‍എല്ലിലേക്ക് ഒഴുകിയെത്തിയെന്നാണ് കുഴല്‍നാടന്റെ ആരോപണം. ഇത് തെളിയിക്കുന്ന ഇവേ ബില്ലുകൾ കുഴല്‍നാടന്‍ പുറത്തുവിട്ടു. കരാര്‍ ലംഘിച്ച് ഇല്‍മനൈറ്റ് സിഎംആര്‍എല്ലിന് കൈമാറിയ സംഭവത്തില്‍ മന്ത്രി മറുപടി പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. മാസപ്പടി വിവാദത്തില്‍ മന്ത്രിമാരായ പി രാജീവ് എം ബി രാജേഷ് എന്നിവര്‍ ഉന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്കും കുഴല്‍നാടന്‍ മറുപടി നല്‍കി.