സി.എം.ആര്‍.എലിന് ഖനനം നടത്താനായി നിയമത്തില്‍ ഇളവ് വരുത്താന്‍ ഒരു ലോബി സമ്മര്‍ദം ചെലുത്തിയെന്ന് മാത്യു കുഴല്‍നാടന്‍
കൊച്ചി: സി.എം.ആര്‍.എലിന് ഖനനം നടത്താന്‍ വേണ്ടി നിയമത്തില്‍ ഇളവ് വരുത്താന്‍ ഒരു ലോബി സമ്മര്‍ദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാറിന് മുമ്പിലാണ് ലോബി സമ്മര്‍ദം ചെലുത്തിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യം എന്തായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
2019ല്‍ മരവിപ്പിക്കാന്‍ സാധിക്കുന്ന ഉത്തരവ് അഞ്ച് വര്‍ഷം കൂടി നീട്ടിയതില്‍ ദുരൂഹതയുണ്ട്. എ.കെ. ആന്റണി സര്‍ക്കാറിന്റെ കാലത്ത് തുടര്‍ നടപടി മരവിപ്പിച്ചിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് സി.എം.ആര്‍.എലിന് വേണ്ടിയാണ് വാദിക്കുന്നത്. ഇതുവരെ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നുവെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ മന്ത്രി പി. രാജീവ് പറഞ്ഞ വാദങ്ങളെയും കുഴല്‍നാടന്‍ ഖണ്ഡിച്ചു. സുപ്രീംകോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉയര്‍ത്തി പിടിക്കുന്നതാണ്. സുപ്രീംകോടതി വിധി പ്രകാരം പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ച് ഖനനം ചെയ്യുന്ന ഭൂമി സംസ്ഥാന സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാല്‍, എന്തു കൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചു.