മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: സ്പീക്കര്‍ ചെയ്തത് അവകാശ ലംഘനമെന്നും മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: എഴുതിക്കൊടുത്ത അഴിമതി ആരോപണം ബഡ്ജറ്റിന്റെ പൊതുചര്‍ച്ചയ്ക്കിടെ സഭയില്‍ ഉന്നയിക്കാനുള്ള ശ്രമം സ്പീക്കര്‍ തടഞ്ഞതില്‍ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു അംഗത്തിന്റെ അവകാശം നിഷേധിക്കുകയാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ ചെയ്തതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ജനാധിപത്യം കശാപ്പുചെയ്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിനുവേണ്ടി സ്പീക്കര്‍ തന്റെ നില വിട്ട് പെരുമാറിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മാത്യു കുഴല്‍നാടന്റെ വിമര്‍ശനം.
വീണാ വിജയനോ എക്സാലോജിക് കമ്പനിയോ ഒരു സേവനവും നല്‍കാതെയാണ് പണം സ്വീകരിച്ചതെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഒഫ് കമ്പനീസും ഇപ്പോള്‍ എസ് എഫ് ഐ ഒയും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാരും നിഷേധിക്കുന്നില്ല. സിപിഎമ്മും ഇത് നിഷേധിക്കുന്നില്ല. അഴിമതിയാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം.
'ഇത്രയുംകാലം മാസപ്പടി വിവാദത്തില്‍ മാദ്ധ്യമങ്ങളും പൊതുജനവും പ്രതികൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെയായിരുന്നു. എന്നാല്‍ ഇതിലെ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി തന്നെയാണ്. സിഎംആര്‍എല്‍ എന്ന കമ്പനിയുടെ മുഖ്യ വരുമാനം കരിമണല്‍ ആണ്. 2004ല്‍ നാല് ലീസുകള്‍ സിഎംആര്‍എല്ലിന് സര്‍ക്കാര്‍ നല്‍കി. ഇന്ന് ആയിരം കോടിയിലേറെ മൂല്യമുള്ള നാല് ലീസുകളാണിത്. എന്നാല്‍ പൊതുസമൂഹത്തിന്റെ ഉത്തമതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ലീസ് എന്നതിനാല്‍ പത്തുദിവസത്തിനുപിന്നാലെ ഇതിന്റെ തുടര്‍നടപടികള്‍ അന്നത്തെ സര്‍ക്കാര്‍ മരവിപ്പിച്ചു. പിന്നീട് ആ ലീസ് പ്രവര്‍ത്തനരഹിതമായിരുന്നു. ഈ ലീസ് തിരിച്ചുപിടിക്കാന്‍ അന്നുമുതല്‍ സിഎംആര്‍എല്‍ ശ്രമിച്ചിരുന്നു.
പിന്നീടുവന്ന സര്‍ക്കാരുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് ലീസ് നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചു. എകെ ആന്റണി സര്‍ക്കാരിന്റെയും അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും നിലപാട് അതായിരുന്നു. പൊതുമേഖലയില്‍ അല്ലാതെ സ്വകാര്യ വ്യക്തികള്‍ കരിമണല്‍ ഖനനത്തില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന നയം അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വീകരിച്ചു.
ഇതിനിടെ ലീസ് ക്യാന്‍സര്‍ ചെയ്തതിനെതിരെ സിഎംആര്‍എല്‍ ദേശീയ മൈന്‍സ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സിഎംആര്‍എല്ലിന്റെ ആവശ്യം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് ശേഷവും അനുകൂലതീരുമാനം കൈകൊണ്ടില്ല. തുടര്‍ന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയും അവര്‍ക്കനുകൂലമായ ഉത്തരവ് ഉണ്ടാവുകയും ചെയ്തു. അപ്പോഴും സര്‍ക്കാര്‍ ലീസ് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയെങ്കിലും സിഎംആര്‍എല്ലിന് അനുകൂലമായിരുന്നു നടപടി. പിന്നീട് സംസ്ഥാനം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. സിഎംആര്‍എല്ലിന് ലീസ് അനുവദിക്കാതെ അവസാനംവരെയും അന്നത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോരാടി.
2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇതിനുപിന്നാലെ 20- 12- 2016 മുതല്‍ വീണയ്ക്ക് മാസാമാസം അഞ്ചുലക്ഷം രൂപ സിഎംആര്‍എല്‍ വീണയ്ക്ക് നല്‍കുകയാണ്. ലീസ് തിരിച്ചുപിടിക്കുകയെന്നാണ് സിഎംആര്‍എല്ലിന്റെ ലക്ഷ്യം. അന്നത്തെ പിണറായി വിജയന്‍ സര്‍ക്കാരിനുമുന്നിലും ലീസ് അനുവദിക്കാന്‍ സിഎംആര്‍എല്‍ അപേക്ഷ നല്‍കിയിരുന്നു. 02- 03- 2017 മുതല്‍ അഞ്ചുലക്ഷം കൂടാതെ മൂന്ന് ലക്ഷം രൂപ വീതം വീണ്ടും സിഎംആര്‍എല്‍ നല്‍കി. വന്‍ തുകയ്ക്ക് കരിമണല്‍ പാട്ടത്തിന് സിഎംആര്‍എല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുമേഖലയില്‍ മാത്രമേ കരിമണല്‍ ഖനനം അനുവദിക്കുകയുള്ളൂവെന്ന് പറയുമ്പോഴും സിഎംആര്‍എല്ലിന് വേണ്ടി ഒരുവരി വാചകം സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തു'- മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.