For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വീണാ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് മാത്യു കുഴല്‍നാടന്‍

03:39 PM Feb 16, 2024 IST | Online Desk
വീണാ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് മാത്യു കുഴല്‍നാടന്‍
Advertisement

കൊച്ചി: എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. വിധിയെ തുടര്‍ന്ന് മുന്‍ നിലപാട് പിന്‍വലിക്കാന്‍ സിപിഎം തയ്യാറാണോ. എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Advertisement

സമാനമായ കേസ് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണാ വിജയന്‍ ഇവിടെയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ എക്സാലോജിക് കമ്പനി രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍ ആയിരുന്നതിനാല്‍ ആയിരിക്കാം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണത്തിന് ഒരു സേവനവും എക്സാലോജിക് നല്‍കിയിട്ടില്ലെന്ന് വ്യക്തമാണ്. ഒരു ഉന്നതന്റെ ബന്ധമാണ് ഈ ഇടപാടിനു പിന്നിലെന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്താമെന്നും മാത്യൂ കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

വീണാ വിജയന്റെ അറസ്റ്റ് വിധി വരുന്നത് വരെ കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം കോടതി നടത്തിയിട്ടുണ്ടോയെന്ന് വിശദമായ വിധി പകര്‍പ്പ് ലഭിച്ചാലെ വ്യക്തമാകൂ. രാജ്യം വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് തോന്നിയാല്‍ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.

Author Image

Online Desk

View all posts

Advertisement

.