എ.ആര്‍ ആനന്ദിന് മീഡിയ അക്കാദമി ഫെല്ലോഷിപ്പ്
തിരുവനന്തപുരം: വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫ് (ഇന്‍ ചാര്‍ജ്ജ്) എ ആര്‍ ആനന്ദിന് സംസ്ഥാന സര്‍ക്കാരിന്റെ കേരള മീഡിയ അക്കാദമി ഫെല്ലാഷിപ്പ്. കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹിക ഉന്നമനവും ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ചുള്ള പഠനമാണ് ആനന്ദിനെ ഫെല്ലോഷിപ്പിന് അര്‍ഹനാക്കിയത്. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, എം പി അച്യുതന്‍, ഡോ.പി കെ രാജശേഖരന്‍, എ ജി ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാഷ്ട്രീയ, സാമൂഹ്യ വിശകലനങ്ങള്‍ അടക്കം നിരവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും തയാറാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് റിട്ട:ക്വാളിറ്റി കണ്‍ട്രോളര്‍ പരേതനായ ബി.അരവിന്ദാക്ഷന്റെയും റിട്ട:അധ്യാപിക എം രോഹിണി ദേവിയുടെയും മകനാണ്. വര്‍ക്കല എസ്എന്‍ജിസിഎസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ് ആര്‍ പ്രിയയാണ് ഭാര്യ.
ഈമാസം അവസാനം തിരുവനന്തപുരത്തു നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെല്ലോഷിപ്പ് സമ്മാനിക്കും. സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി എസ് അഖില്‍ എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്. സമഗ്ര ഗവേഷക ഫെലോഷിപ്പിന് അപര്‍ണ കുറുപ്പ് ന്യൂസ് 18, കെ രാജേന്ദ്രന്‍ കൈരളി, നിലീന അത്തോളി മാതൃഭൂമി, ഷെബിന്‍ മെഹബൂബ് എ പി മാധ്യമം, എം വി നിഷാന്ത് ഏഷ്യനെറ്റ് ന്യൂസ്, എം പ്രശാന്ത് ദേശാഭിമാനി, കെ എ ഫൈസല്‍ മാധ്യമം, ദീപക് ധര്‍മ്മടം 24 ന്യൂസ്, പി.ആര്‍.റിസിയ ജനയുഗം എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. പൊതു ഗവേഷണ മേഖലയില്‍ ബിജു പരവത്ത് മാതൃഭൂമി, അലീന മരിയ വര്‍ഗ്ഗീസ് മാതൃഭൂമി, ബിലു അനിത് സെന്‍ കേരള ടുഡേ, അജിത്ത് കണ്ണന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, കെ.ആര്‍.അജയന്‍ ദേശാഭിമാനി, സി. റഹീം മലയാളം ന്യൂസ്, പി.സുബൈര്‍ മാധ്യമം, സുനി അല്‍ഹാദി സുപ്രഭാതം, പി എസ് റംഷാദ് സമകാലിക മലയാളം, പി.നഹീമ മാധ്യമം, ജി.ഹരികൃഷ്ണന്‍ മംഗളം, എ.കെ. വിനോദ്കുമാര്‍ ജനം, കെ.എന്‍.സുരേഷ്‌കുമാര്‍ കേരള കൗമുദി എന്നിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.