'മുതലാളിയെ വെളുപ്പിക്കലും സംഘപരിവാർ അനുഭാവവും'; റിപ്പോർട്ടർ ടി വിയിൽ നിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക
കൂട്ടരാജി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവർത്തക രംഗത്ത്. രാജ്യസന്നദ്ധത അറിയിച്ച് മാനേജ്മെന്റിന് കത്ത് നൽകിയ ശേഷമായിരുന്നു തന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലിലൂടെ ചാനലിലെ റിപ്പോർട്ടറായ സൂര്യ സുജിയുടെ പ്രതികരണം. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവർ നേതൃസ്ഥാനത്തുള്ള റിപ്പോർട്ടർ ടിവി അവരുടെ വഴിവിട്ട പ്രവർത്തനങ്ങൾ വെളുപ്പിക്കാനുള്ള മാധ്യമമായാണ് ചാനലിന് ഉപയോഗപ്പെടുത്തുന്നതെന്ന ഗുരുതര ആരോപണം മാധ്യമപ്രവർത്തക ഉയർത്തുന്നുണ്ട്. കോഴിക്കോട് മാധ്യമ പ്രവർത്തകയെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അപമാനിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കൊപ്പം നിലകൊണ്ടതിന്റെ പേരിൽ കടുത്ത പീഡനം നേരിട്ടെന്നും കുറിപ്പിലുണ്ട്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരുപറ്റം കോമാളികൾ നയിക്കുന്ന ചാനലാണ് റിപ്പോർട്ടർ ടിവിയെന്നും വരുന്ന ദിവസങ്ങളിൽ കൂടുതൽ രാജി ഉണ്ടാകുമെന്നും സൂര്യ സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.