ആലപ്പുഴയിൽ മെഡിക്കൽ കോളേജ് അധ്യാപകർ പ്രതിഷേധ ജാഥയും, ധർണ്ണയും സംഘടിപ്പിച്ചു
ആലപ്പുഴ: മെഡിക്കൽ കോളേജുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നടപടികൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ അനുഭാവപൂർവ്വം തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജിഎംസിടിഎ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ. എസ്. ശ്രീകാന്ത് , ഡോ. പി.എസ്. ഷാജഹാൻ സെക്രട്ടറി ഡോ. ജംഷീദ് എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു .
നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ കുറവ് മറച്ച് വെയ്ക്കുന്നതിന് വേണ്ടി മറ്റുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുനർ വിന്യാസം നടത്തുക വഴി എല്ലാ മെഡിക്കൽ കോളേജുകളുടേയും പ്രവർത്തനം അവതാളത്തിലായ അവസ്ഥയാണ്. ഇത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ ചിന്തിക്കണമെന്ന് കെ.ജി.എംസി.ടി.എ ആലപ്പുഴ ഘടകം ആവശ്യപ്പെട്ടു.
മുടങ്ങിക്കിടക്കുന്ന ക്ഷമാബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോഗീ ബാഹുല്യം അനുസരിച്ച് മെഡിക്കൽ അധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും, ഡിസംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ സെക്രട്ടറി ഡോ. ജംഷീദ് എന്നിവർ അറിയിച്ചു