Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വാതംവരട്ടി ചെടിയിൽ നിന്ന് ഔഷധകഘടകങ്ങൾ: കാർഷിക സർവകലാശാലയ്ക്ക് പേറ്റൻറ്

05:45 PM Apr 11, 2024 IST | Veekshanam
Advertisement
Advertisement

കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയിൽ നിന്നും ഫിനൈൽ പ്രൊപ്പനോയ്ഡ് വിഭാഗത്തിൽപ്പെടുന്നതും ഔഷധമൂല്യമുള്ളതുമായ രാസസംയുക്തങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കേരള കാർഷിക സർവ്വകലാശാലയ്ക്ക് ഇൻഡ്യൻ പേറ്റന്റ് ലഭിച്ചു.
അസ്ഥി, പേശി സംബന്ധങ്ങളായ നീരുവീക്കത്തിനു നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗത്തിലുള്ള ഒരു ഔഷധ സസ്യമാണിത്. ഈ സസ്യത്തിൻറെ വേരുകൾ, ഇലകൾ, വിത്തുകൾ എന്നിവ വാതരോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ സുഖപ്പെടുത്തുന്നതിന് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്റെ രോഗശമന സ്വഭാവത്തിന് നിദാനമായ സജീവ ഘടകങ്ങളും അതിന്റെ പ്രവർത്തന രീതിയും പഠനവിധേയമാക്കിയിട്ടുണ്ടായിരുന്നില്ല. ഈ ചെടിയുടെ വേരും ഇലയും ഔഷധ ഗുണങ്ങളുള്ള ഫിനൈൽപ്രോപ്പനോയിഡ് വിഭാഗത്തിൽപ്പെടുന്ന ജൈവരാസ സംയുക്തങ്ങളാൽ സംമ്പുഷ്ടമാണ്.

ആക്റ്റിയോസൈഡ് (Acteoside), അർട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങൾ ശുദ്ധമായ സംയുക്തങ്ങളായി വേർതിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് പേറ്റൻറ് ലഭിച്ചത്. ഉയർന്ന നിരോക്സീകരണ ശേഷിയും നീരുനിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളവയാണ് ഈ ജൈവ രാസ സംയുക്തങ്ങൾ. ഇതിൽ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുന്നതും, നീര് നിയന്ത്രിക്കുന്നതും, കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതുമാണെന്നു മുൻശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ആക്റ്റിയോസൈഡ് ഉൾപ്പെടെയുള്ള ഫെനൈലെത്തനോയിഡ് ഗ്ലൈക്കോസൈഡുകൾ ന്യൂറോട്രോപിന്റെ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടക്കാലിയിലുള്ള സുഗന്ധ തൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഡോ. ആൻസി ജോസഫ്, ഡോ. സാമുവേൽ മാത്യു, ഡോ. എ.എം ചന്ദ്രശേഖരൻ നായർ എന്നിവരാണ് ഗവേഷകർ.

Advertisement
Next Article