Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഭയിൽ 'വീണ' മീട്ടുമോ വിജയൻ; അഴിമതി സർക്കാരിനെതിരെ പ്രതിപക്ഷം

06:13 PM Jan 24, 2024 IST | veekshanam
Advertisement

നിയമസഭാ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

Advertisement

നിസാർ മുഹമ്മദ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകുമ്പോൾ അഴിമതി സർക്കാരിനെതിരെ ആരോപണത്തിന്റെ ആയുധശരങ്ങൾ ആവനാഴിയിൽ നിറച്ചാകും പ്രതിപക്ഷം സഭാതലത്തിലെത്തുക. മകളുടെ മാസപ്പടി മുതൽ പെൻഷൻ കിട്ടാതെ വയോജനങ്ങളും കടബാധ്യതയിൽ കർഷകരും ആത്മഹത്യയുടെ വഴി തേടേണ്ടിവന്നതുൾപ്പെടെ ദുർഭരണത്തിന്റെ അക്കമിട്ട കണക്കുകൾക്ക് മുഖ്യമന്ത്രിക്ക് സഭയിൽ മറുപടി പറയേണ്ടിവരും. വിവാദങ്ങളുയർത്തി സർക്കാരിനെ ഇടയ്ക്കിടെ പ്രതിക്കൂട്ടിലാക്കിയ ശേഷം ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകം ആദ്യദിവസം തന്നെ സഭയിൽ തുറന്നുകാട്ടാനുള്ള അവസരം പ്രതിപക്ഷത്തിനുണ്ട്. സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം ആരുടെ ഓഫീസാണെന്ന് അറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയടക്കം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. കരുവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിലെ കൊടിയ തട്ടിപ്പും ക്രമക്കേടും കെഎസ്ആർടിസി പ്രതിസന്ധിയും ചർച്ചയ്ക്ക് വരും. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയുമായി തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യധാരണയുടെ പുറം തോട് പൊളിച്ചു കാട്ടാനും പ്രതിപക്ഷം ശ്രമിക്കുമെന്നുറപ്പാണ്.

ബജറ്റ് സമ്മേളനമായതിനാൽ, സംസ്ഥാനത്തിന്റെ നിലവിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയും അതിന് വഴിയൊരുക്കിയ സർക്കാരിന്റെ ധൂർത്തും ആഢംബരവും നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും പ്രതിപക്ഷം തുറന്നുകാട്ടും. നവകേരള സദസെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ആഢംബര യാത്രയ്ക്ക് ശേഷം ആദ്യമായി ചേരുന്ന സഭാ സമ്മേളനത്തിൽ, ആ യാത്ര കൊണ്ട് സംസ്ഥാനത്തിനുണ്ടായ പ്രയോജനമെന്തെന്ന് ട്രഷറി ബഞ്ചിന് വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുയർത്തിയതിന്റെ പേരിൽ യുവജനതയോട് കണ്ണിൽചോരയില്ലാത്ത കൊടുംക്രൂരത കാട്ടിയ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് ഇടതുപക്ഷം നടത്തിയ സമര കോലാഹലങ്ങളും പൊതുമുതൽ നശിപ്പിച്ചും കേരളം സ്തംഭിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങളും സഭയിൽ വിലയിരുത്തപ്പെടും.

കേരളത്തിലെ ഐ ടി വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ മകള്‍ക്ക് കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ ഐ ടി കരാറിന്റെ പേരില്‍ മാസപ്പടി
നല്‍കുന്നത് കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ് എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തി നിയമലംഘനങ്ങൾ നടത്താൻ കൊച്ചിയിലെ കരിമണൽ കമ്പനി പിണറായി വിജയന്റെ മകൾക്ക് ചെയ്യാത്ത ജോലിക്ക് മാസപ്പടി നൽകിയതെന്തിന് എന്ന ചോദ്യം സഭാ തലത്തിൽ മുഴങ്ങും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് ബന്ധമുള്ള സ്ഥാപനത്തിന് സർക്കാർ പദ്ധതികളിലെ ഉപകരാർ ലഭിക്കുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍
കവര്‍ന്നെടുക്കുകയും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം
വെട്ടിച്ചുരുക്കുകയും ചെയ്ത സർക്കാരിനെതിരെ പ്രതിഷേധമുയരുമെന്നുറപ്പാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും ഖജനാവ് കാലിയാക്കിയതും ചർച്ചയ്ക്ക് വരും.

കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പെന്‍ഷന്‍ പോലും
മുടങ്ങിയിരിക്കുമ്പോള്‍ തലസ്ഥാനത്തു കോടികള്‍ പൊടിപൊടിച്ചാണ്
കേരളീയം പരിപാടി അരങ്ങേറിയത്. ഈ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍
മാത്രം നല്‍കിയത് 27 കോടി രൂപയാണ്. ഈ പരിപാടിക്ക് ദീപാലങ്കാരത്തിന്
മാത്രം 2.9 കോടി രൂപയാണ് ചെലവ്. സ് പോണ്‍സര്‍ഷിപ്പ് അടക്കം കേരളീയം
പരിപാടിക്ക് 100 കോടിയിലേറെ ചെലവ് വരും. ഇതെല്ലാം മുഖ്യമന്ത്രിക്ക് സഭയിൽ വിശദീകരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. നെല്‍കര്‍ഷകരും റബ്ബര്‍ കര്‍ഷകരും നാളികേര കര്‍ഷകരും കണ്ണീര്‍ക്കയത്തിലായിട്ടും യാതൊരു പരിഹാരവും കാണാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടി സഭയിൽ ചോദ്യം ചെയ്യപ്പെടും.

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുന്നതിനിടെ, സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുത്ത സർക്കാർ നടപടിക്കെതിരെ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആഞ്ഞടിക്കും. ഇ-പോസ് മെഷീനുകൾ തുടരെത്തുടരെ തകരാറാകുന്നത് മൂലം പാവപ്പെട്ടവർക്ക് റേഷൻ കിട്ടാത്ത സാഹചര്യവും സഭയിൽ ഉയരും. കെ ഫോൺ പദ്ധതി അട്ടിമറി, ലൈഫ് മിഷൻ തട്ടിപ്പ്, കോവിഡ് കാലത്തെ കൊള്ളയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും കോടതി ഇടപെടലുകളും, പവർ പർച്ചേസ് കരാർ അഴിമതി, കുത്തഴിഞ്ഞ ഉന്നത വിദ്യാഭ്യാസ രംഗം, ക്ലിഫ് ഹൗസിലെയും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലെയും ധൂർത്ത്, വെന്റിലേറ്ററിലായ ആരോഗ്യരംഗം, മൽസ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ, വന്യ ജീവികളുടെ ആക്രമണത്തെ തുടർന്ന് വനമേഖലയിലെ കർഷകരുടെ ദുരിതം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുണ്ട് പ്രതിപക്ഷത്തിന്.  

മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 29, 30, 31 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കും.
ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ പാസാക്കും. നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്‍മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്.

ഓര്‍ഡിനന്‍സിനു പകരമായി 2024- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍, 2024- ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024- ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കര്‍ പറഞ്ഞു. 2023- ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍, 2023- ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍, 2023- ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍, 2023- ലെ കേരള പൊതുരേഖ ബില്‍, 2024- ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്‌മെന്റുകളും ബില്‍ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകള്‍.

Tags :
featuredkerala
Advertisement
Next Article