ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ഭൂമി സൗജന്യമായി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് താങ്ങായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ഭൂമി സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ നൂറ് കണക്കിനാളുകളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ഉറ്റവരെയും ഉടയവരെയും, ഒരായുസുമുഴുവൻ സമ്പാദിച്ചതുമെല്ലാം ഒറ്റ രാത്രികൊണ്ട് നഷ്ടപെട്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് അവിടെയെത്തുന്ന ഓരോരുത്തരും.ദുരിത ബാധിതർക്കുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെയായി സഹായ പ്രവാഹമാണ്. ആവശ്യ സാധനങ്ങൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് ഒഴുകിയെത്തുമ്പോഴും, തല ചായ്ക്കാൻ ഒരു ഇടം ഇല്ലെന്ന വേദനയിലാണ് ആശ്രിതർ. വീട് വച്ച് നൽകാൻ സഹായിക്കുമെന്ന് അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. അതിനുള്ള ഭൂമി ആര് നൽകുമെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് വീടു വയ്ക്കാനാവശ്യമായ ഭൂമി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഓ യുമായ മുസ്തഫ ഹംസ പ്രഖ്യാപിച്ചത്.വയനാട്ടിലെ കുടുംബങ്ങൾ അനുഭവിക്കുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും ഞങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്നും,സ്ഥിരതയും പ്രത്യാശയും വീണ്ടെടുക്കാൻ സഹായിച്ചു അവരുടെ ജീവിതം പുനർനിർമ്മിക്കാൻ കഴിയുന്ന ഒരു അടിത്തറ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.