ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം; രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി
ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.