ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സി.പി.ഐ മന്ത്രിമാരെ അവഗണിച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നടപടിയില്‍ പരസ്യ പ്രതിഷേധവുമായി മന്ത്രി ജെ. ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറച്ച വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഓരോ വകുപ്പില്‍ നിന്ന് എട്ട് ശതമാനം വിഹിതം വെട്ടിക്കുറച്ചെന്നാണ് അറിയാന്‍ സാധിച്ചതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.
രാവിലെ ഭക്ഷ്യ വകുപ്പിന് ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി മന്ത്രി ജി.ആര്‍. അനില്‍ രംഗത്തു വന്നിരുന്നു. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍ വേണമെന്നും മന്ത്രി അനില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ബജറ്റില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചത്. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബജറ്റ് പ്രസംഗ ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. റവന്യൂ മന്ത്രി കെ. രാജനും ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. 'കേരളീയ'ത്തിന് 10 കോടിയും ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടിയും അനുവദിച്ച ധനവകുപ്പ് 'വിശപ്പുരഹിതം കേരളം' പദ്ധതിക്ക് നീക്കിവെച്ചത് വെറും രണ്ടു കോടിയാണ്.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നുപോകുന്നത്. സബ്‌സിഡി സാധനങ്ങള്‍ വിറ്റ വകയില്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം വരെ സപ്ലൈകോക്ക് നല്‍കാനുള്ളത് 2011 കോടിയാണ്. വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 792 കോടിയും. പൊതുവിപണിയിടപെടലിന് പ്രതിവര്‍ഷം 350 കോടിയാണ് സപ്ലൈകോക്ക് ചെലവാകുന്നത്. എന്നാല്‍, ഇത്തവണ 205 കോടിയാണ് ബജറ്റിലുള്ളത്.
ആരോഗ്യം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, വ്യവസായം, സാംസ്‌കാരികം തുടങ്ങി സി.പി.എം മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളില്‍ പുതിയ പദ്ധതികളും കോടികളുടെ പ്രഖ്യാപനവുമുണ്ടായപ്പോള്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തങ്ങളുടെ വകുപ്പുകളില്‍ തുച്ഛമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് സി.പി.ഐയുടെ പരാതി.