പാലക്കാട്ടെ റെയ്ഡിനു പിന്നില്‍ മന്ത്രി എം.ബി രാജേഷും ബി.ജെ.പി നേതാക്കളും: വി ഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എം.ബി രാജേഷും അളിയനും ബി.ജെ.പി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച എം.ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്റെ അവസാനമാവാറായി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയില്‍ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
ടി.വി രാജേഷിന്റെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയില്ല. ഡി.വൈ.എഫ്.ഐ-ബി.ജെ.പി ഗുണ്ടാ സംഘത്തിന് കാവല്‍ നിന്ന ആളാണ് എ.എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങള്‍ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയില്‍ അറിയിച്ചാണോ പോകുന്നത്.
കൊടകര കുഴല്‍പ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബി.ജെ.പി-സി.പി.എം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.