ആരോപണത്തിന്റെ പേരിൽ കേസെടുക്കാനാകില്ല, രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയെന്ന് ആരോപണമുയർന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് ഇന്ത്യയിലെ പ്രശസ്തമായ സംവിധായകനാണ്, ഉഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി രേഖാമൂലം സമർപ്പിച്ചാൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുന്നതായിരിക്കും. "രഞ്ജിത്ത് നിരപരാധിയെന്ന് തെളിയിച്ചാൽ എന്താണ് ചെയ്യേണ്ടത്?" എന്നും മന്ത്രി ചോദിച്ചു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും, ആ സ്ഥാനത്ത് തുടരാനുള്ള അന്തിമ തീരുമാനവും പാർട്ടിയുടേതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയർത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴുണ്ടായ മോശം അനുഭവമാണ് അവര് പങ്കുവെച്ചത്. തന്നെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി.