മിസ് എഐ സൗന്ദര്യമൽത്സരം; ഇന്ത്യയിൽ നിന്നും സാറ ശതാവരി
ലോകത്തെ ആദ്യ എഐ സൗന്ദര്യമത്സരത്തിലെ മത്സരാർഥികളുടെ ചുരുക്കപ്പടിക പുറത്തുവന്നു. 10 പേരിലേക്കാണ് മത്സരം ചുരുങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള എഐ സ്രഷ്‌ടാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് മിസ് എഐ കിരീടത്തിനായി മത്സരിക്കുന്ന അവരുടെ ഡിജിറ്റൽ സൃഷ്ടികളെ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഫാൻവ്യൂ വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ് ആണ് ആതിഥേയത്വം വഹിക്കുന്നത്.
തൊഴിൽ സുരക്ഷയ്ക്കും കലാപരമായ തൊഴിലുകൾക്കും എഐ ഭീഷണിയാകുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഇത്തരമൊരു സൗന്ദര്യമത്സരവും അരങ്ങേറുന്നത്. സ്ത്രീകളുടെ ഹോർമോൺ ഹെൽത്ത് സപ്ലിമെൻ്റ് ബ്രാൻഡിന്റെ മുഖമായാണ് സാറ ശതാവരി (ഇന്ത്യ)യെ രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാമൂഹിക ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് സാറ ശതാവരിയുടേത്. 190,000 ത്തിലധികം സോഷ്യൽ മീഡിയ പിന്തുടരുന്ന ഒരു പ്രമുഖ വ്യക്തിയാണ് കെൻസ ലെയ്‌ലി (മൊറോക്കോ). ലോകത്തിലെ ആദ്യത്തെ എഐ ഇൻഫ്ളുവൻസർമാരിലൊരാളാണ്. അതേസമയം എൽജിബിടി സ്വീകാര്യതയുള്ള ഒരു സ്പോർട്സ് ചാംപ്യനാണ് അയ്യാന റെയിൻബോ.
ആൻ കെർഡി (ഫ്രാൻസ്) ഒരു ഡിജിറ്റൽ അംബാസഡറായി പ്രവർത്തിക്കുന്നു, ഫ്രാൻസിലെ ഒരു പ്രദേശമായ ബ്രിട്ടാനിയുടെ സൗന്ദര്യവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നു.
ചിന്തോദ്ദീപകമായ കലകൾ സൃഷ്ടിക്കുന്ന ഒരു ജാപ്പനീസ്-ആഫ്രോ-ബ്രസീലിയൻ കലാകാരിയാണ് ആലിയ ലൂ (ബ്രസീൽ). ഒലിവിയ സി(പോർച്ചുഗൽ), സെറിൻ എ (തുർക്കി), അസീന ഇലിക്ക (തുർക്കി), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നീ എഐ സുന്ദരിമാരും മത്സരത്തിനുണ്ട്.