കുട്ടിയെ കാണാതായ സംഭവം; പൊലീസ് ഡിഎൻഎ പരിശോധന തുടങ്ങി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബീഹാർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്നറിയാൻ രക്ത സാംപിളും ശേഖരിച്ചു. കുട്ടി ബീഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന. ഞായറാഴ്ച രാത്രിയോടെ ചാക്കയിലെ റോഡരികിൽനിന്നും കാണാതായ കുട്ടിയെ 19 മണിക്കൂറിനുശേഷം 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടികളെ കിട്ടിയാൽ നാട്ടിലേക്ക് പോകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാതെ നാട്ടിലേക്കു പോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടി നടന്നു പോയതോ, ആരെങ്കിലും തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരീകരിക്കുന്ന തെളിവുകളില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.