ടെക് ഫെസ്റ്റിൽ വീഴ്ച സംഭവിച്ചു: വിസി
കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ. പി. ജി ശങ്കരൻ പറഞ്ഞു. പരിപാടി തുടങ്ങാൻ വൈകുകയും കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പിൽ നിൽക്കുന്നവർ താഴേക്ക് വീണു. ഓഡിറ്റോറിയത്തിൻറെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതായിരുന്നു. എല്ലാവരും അകത്തേക്ക് കയറണം എന്ന് പറഞ്ഞു. മഴ പെയ്തു തുടങ്ങിയിരുന്നു. എല്ലാവർക്കും അകത്തിരുന്ന് പരിപാടി കാണണം എന്നുണ്ടായിരുന്നത് കൊണ്ടാണ് പെട്ടെന്ന് ഉന്തും തള്ളും ഉണ്ടായത്. അകത്തേക്ക് കയറുന്നതിനിടയിൽ ഉണ്ടായ തള്ളിൽ വിദ്യാർത്ഥികൾ വീണെന്നാണ് പ്രാഥമിക വിവരം.
നാളെ നടക്കാനിരുന്ന പരീക്ഷകളും ക്ലാസുകളും കുസാറ്റ് മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇന്നലെ വൈകിട്ടാണ് സർവ്വകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിൻറെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചത്. അപകടത്തിൽ 51 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.