നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍
ചെന്നൈ: ഒഡിഷയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍.
ക്ഷേത്രത്തിന്റെ ആന്തരിക അറയുടെ (രത്‌നഭണ്ഡാര്‍) കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ആരോപിച്ചത്. ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ജഗന്നാഥനും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിനും പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.ഒഡിഷക്കും തമിഴ്നാടിനും ഇടയില്‍ ശത്രുതയുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ വാക്കുകളെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.ഡി ഭരണത്തില്‍ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറ് വര്‍ഷമായി കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമര്‍ശത്തേയും സ്റ്റാലിന്‍ വിമര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന മോദിയുടെ ഭിന്നിപ്പിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉത്തര്‍പ്രദേശില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.തമിഴ്നാട് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി തമിഴ് ഭാഷയെയും ജനങ്ങളുടെ ബുദ്ധിയെയും പുകഴ്ത്തുകയും മറ്റുള്ളയിടങ്ങളില്‍ തമിഴരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്തന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിനെയും തമിഴ് ജനതയേയും ഇകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു.