പൈപ്പുലൈൻ റോഡിന്റെ പുനരുദ്ധാരണത്തിനായി ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എംഎൽഎ
ആലുവ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായിരുന്ന പൈപ്പുലൈൻ റോഡിന്റെ നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗം ഇന്റർലോക്ക് ടൈൽ വിരിച്ചു പുനരുദ്ധരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എം.എൽ.എയുടെ 2023 -24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 .99 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പുലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയോടും വകുപ്പിനോടും ചൂർണ്ണിക്കര പഞ്ചായത്ത് ഭരണസമിതിയും, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആവശ്യമായ ഫണ്ടനുവദിച്ച് റോഡ് പുനരുദ്ധാരണം നടത്താമെന്ന് പലവട്ടം വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടും, പദ്ധതി നടപ്പാക്കാതെ ഒഴിഞ്ഞുമാറിയ ഘട്ടത്തിലാണ് പ്രദേശവാസികളുടേയും, യാത്രക്കാരുടേയും അഭ്യർത്ഥന മാനിച്ച് അൻവർ സാദത്ത് എം.എൽ.എ തന്റെ വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയത്. ഈ പദ്ധതിയുടെ നിർമ്മാണോത്‌ഘാടനം 2024 നവംബർ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ചൂർണ്ണിക്കര പഞ്ചായത്തു പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാട്ടർ അതോറിറ്റി എക്‌സി.എഞ്ചിനീയർ ബി.പ്രിയദർശനി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്തുമെമ്പർ സതി ഗോപി, പഞ്ചായത്തുമെമ്പർമാരായ രാജേഷ് പുത്തനങ്ങാടി, കെ.കെ ശിവാനന്ദൻ, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൾ ഖാദർ, പി.വി വിനീഷ്, പി.എസ് യൂസഫ്, ഷെമീർ ലാല, സഹകരണ ബാങ്ക് പ്രസിഡന്റ് കെ .കെ ജമാൽ, വൈസ് പ്രസിഡന്റ് മനോഹരൻ തറയിൽ എന്നിവർ ആശംസകൾ പറഞ്ഞു. വാട്ടർ അതോറിറ്റി ഫണ്ടനുവദിക്കാതിരുന്നത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് നീണ്ടുപോയത്. പൈപ്പ് ലൈൻ റോഡിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ എറണാകുളം, മെഡിക്കൽ കോളേജ് എന്നീ ഭാഗത്തേക്ക് ചെറു വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തി ചേരുവാൻ സാധിക്കുമെന്നും, വർഷങ്ങളായി ഇതുവഴി യാത്ര ചെയ്തിരുന്നവരും, പ്രദേശവാസികളും അനുഭവിച്ചിരുന്ന യാത്രാ ക്‌ളേശത്തിനവസാനമാകുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.